Wednesday, 25 December 2019

ട്രക്ക്

അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സൈബർസെല്ലിൽ നിന്നുള്ള ഫോൺ വന്നത്. ആ നമ്പർ മുൻപ് രവി എന്നൊരാൾ ഉപയോഗിച്ചിരുന്നതാണ്. അയാളുടെ അഡ്രസ്സ് കണ്ടുപിടിച്ച് അന്ന് തന്നെ അവർ അയാളുടെ വീട്ടിൽ ചെന്നു. അപ്പോൾ സമയം ഏകദേശം രാത്രി ഒമ്പത് മണി ആയിരുന്നു. കോശി കോളിങ് ബെല്ലടിച്ചു. ഒരു സ്ത്രീ വാതിൽ തുറന്നു. "രവിയുടെ വീടല്ലേ?" കോശി ചോദിച്ചു.
"അതെ!" അവർ അങ്ങനെ പറയുമ്പോൾ ആ മുഖത്ത് ഒരുപാട് സംശയങ്ങൾ നിഴലിക്കുന്നുണ്ടായിരുന്നു. അതിനെയെല്ലാം കീറിമുറിച്ചുകൊണ്ടു വന്നത് ഹരിയുടെ ചോദ്യമായിരുന്നു. "രവി എവിടെ? ഒന്നു കാണണം."
"ചേട്ടൻ വന്നിട്ട് നാലു ദിവസമായി."
"എവിടെയാണ് പോയത്?"
"അറിയില്ല."
"ചോദിക്കാറില്ലേ?"
"ഇല്ല. ഒരു വല്ലാത്ത സ്വഭാവമാണ്. ഇടയ്ക്ക് വീട്ടിൽ വരും. ഒന്നും സംസാരിക്കില്ല. അകത്ത് ഒരു റൂമുണ്ട്. അവിടെയിരിക്കും. ആർക്കും ഒരു ശല്യവുമുണ്ടാക്കില്ല. കഴിക്കാൻ പോലും വരില്ല."
അങ്ങനെ ഒരു വിവരണം അയാളാണ് പ്രതി എന്ന നിഗമനത്തിലേക്ക് അവരെ എത്തിച്ചു. "അയാളുടെ റൂം കാണണം" മിഥ്യ പറഞ്ഞു. ആ സ്ത്രീ അവരെ അയാളുടെ മുറിയിലേക്ക് എത്തിച്ചു. ആകെ അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. കൊല്ലപ്പെട്ട കുട്ടികളുടെ ഫോട്ടോകളും അവരെക്കുറിച്ചുള്ള ചില പത്രവാർത്തകളും അവിടെനിന്ന് കിട്ടി. അതിൽ നിന്നാണ് അവർക്ക് മനസ്സിലായത് അയാൾ ഇന്റർസ്കൂൾ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ കായികതാരങ്ങളെ തിരഞ്ഞ് പിടിച്ച് കൊല്ലുകയായിരുന്നുവെന്ന്.
"രവിയുടെ ഒരു ഫോട്ടോ വേണം."
ഹരി പറഞ്ഞു. അവൾ പോയി ഒരു ഫോട്ടോ കൊണ്ടുവന്നു. അത് അവർക്ക് കൊടുത്തു. ആ ഫോട്ടോയിൽ ഒന്നു നോക്കിയതിനു ശേഷം ഹരി അവളോട് പറഞ്ഞു, "എപ്പോഴെങ്കിലും അയാൾ വന്നാൽ സ്റ്റേഷനിലേക്കു വിളിക്കണം."
"ശരി സാർ"
പിറ്റേന്നുതന്നെ എല്ലാ പത്രങ്ങളിലും ലുക്കൗട്ട് നോട്ടീസ് കൊടുത്തു. അതുപോലെ തന്നെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അയാളുടെ ഫോട്ടോ അയച്ചു കൊടുത്തു.
                                   തുടരും..

Thursday, 19 December 2019

ട്രക്ക്

അയാൾ തുടർന്നു, "അവർ പേരെനക്ക് തെരിയാത് സാർ."
മിഥ്യ എന്തോ ചോദിക്കാൻ തുടരുകയായിരുന്നു. പെട്ടെന്ന് ഹരി അവളെ തടഞ്ഞു. അതിനുശേഷം അയാളോട് ചോദിച്ചു, "നിങ്ങളുടെ പേരെന്താ? തമിഴ്നാട്ടിലെവിടെയാണ്?"
"എൻ പേര് അരസു, സാർ. തേനിയിലെ താൻ സാർ നാൻ തങ്കിട്ടേ ഇരുപ്പാൻ. ഇങ്കേ ഡ്രൈവറാ താൻ വേലൈ പാക്കിറേൻ."
"എവിടെയാ ജോലി ചെയ്യുന്നത്? "
"റെയിൻബോ കമ്പനിയിലെ താൻ സാർ"
"ആ കമ്പനിയുടെ വണ്ടിയല്ലേ നീ മോഷ്ടിച്ചു എന്നു പറഞ്ഞത്?"
"എന്ന സാർ?"
മിഥ്യ അത് പരിഭാഷപ്പെടുത്താനായി ശ്രമിച്ചു. ചെറിയ വിക്കോടെ അവൾ ചോദിച്ചു, "അന്ത കമ്പനിയുടെ ലോറി അല്ലേ തിരുടിയത്?"
"ആ. അന്ത കമ്പനി ലാറി താൻ സാർ. ഒരുനാൾ അന്ത ആൾ സൈറ്റിലെ വന്താൻ. റെജി സാറുക്കിട്ടെ അന്നേക്ക് അവർ പേസുമ്പോതുതാൻ കീ എടുക്കിറതുക്കാക നാ അങ്കേ പോനത്. അപ്പുറം അവ എന്നെ പാക്ക വന്താങ്ക. റിവർ സൈഡിലെ ഒരു ഷെഡിരുക്കും. ലാറി യാരുക്കും തെരിയാമ അങ്കേ കൊണ്ടുവര സൊന്നാൻ സാർ. പത്തായിരം കുടുത്തിട്ടാങ്ക സാർ. തെരിയാമ പണ്ണിട്ടേൻ സാർ. ലാറിക്കുള്ളൈ അന്ത ഡെഡ്ബാഡിയെല്ലാം എപ്പടി വന്തേൻ എന്രു എനക്ക് തെരിയാത് സാർ."
"ഓക്കെ. ഓക്കെ. യാർ ഇന്ത റെജി?"
"അയാൾ ഒരു കോൺട്രാക്ടറാണ്." മറുപടി പറഞ്ഞത് കോശിയായിരുന്നു.
മിഥ്യ കുറച്ചുനേരം ആലോചിച്ചിട്ടു ചോദിച്ചു, "അന്ത ആളിന്റെ ഫോൺ നമ്പർ ഇരുക്കുമാ?"
"ആ സാർ." അയാൾ ഫോണിൽ നിന്ന് ഒരു നമ്പർ എടുത്തു മിഥ്യയ്ക്ക് കൊടുത്തു. മിഥ്യ ആ നമ്പറിൽ വിളിച്ചു നോക്കി. പക്ഷേ സ്വിച്ച് ഓഫായിരുന്നു.
അവർ ആ നമ്പർ സൈബർസെല്ലിനു കൈമാറി. അവസാനമായി മിഥ്യ ഒരു ചോദ്യം കൂടെ ചോദിച്ചു. "അന്ത ലോറി എങ്കെ കൊണ്ടു വരാനാണ് സൊന്നത്?"
"അത് സെന്റ് മേരീസ് ചർച്ചില്ലെയാ! അങ്കെ താൻ"
                    തുടരും

Wednesday, 11 December 2019

ബലൂൺ





ഒരിക്കൽ എവിടെനിന്നോ ഒരു ബലൂൺ കിട്ടി. എന്നിൽ നിന്നും അകന്നു പോകാതിരിക്കാൻ ഞാനതിന്റെ നൂൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. പക്ഷെ പിന്നീട് ആ ചരട് പൊട്ടിപ്പോയി. ആ ബലൂൺ ഉപേക്ഷിക്കാൻ അപ്പോഴും മനസ്സുണ്ടായിരുന്നില്ല.അതുകൊണ്ട് ഞാൻ അതിനു പിന്നാലെ പറന്നു. ഞാനതിലേക്ക് അടുക്കുംതോറും അത് അകന്നു പോകുകയായിരുന്നു. എന്റെ ചിറകുകൾ പതിയെ തളർന്നു പോകുന്നതു പോലെ തോന്നുന്നു. പക്ഷെ ഞാൻ പറക്കുക തന്നെ ചെയ്യും. അത് എന്റെ സ്വപ്‌നമാണ്

Monday, 9 December 2019

ട്രക്ക്


"അന്ന് അഞ്ചുമണിയ്ക്കാണ് ട്രെയിൻ വന്നത്. ഒരു രണ്ട് മിനുറ്റിനുള്ളിൽ  അതു സ്റ്റേഷനിൽ നിന്നു പോയി. അതു കഴിഞ്ഞാണ് ഞാൻ ഇറങ്ങിയത്. തിരിച്ചു വരുമ്പോൾ ....." നിഥിന് എന്തൊക്കെയോ പറയുവാൻ അല്പം മടിയുള്ളതുപോലെ. 
ഹരി നിഥിനെ നിർബന്ധിച്ചു,"അത് പറഞ്ഞോളൂ."
നിഥിൻ തുടർന്നു,"അപ്പോൾ എനിക്കൊരു ഫോൺ വന്നു. ഞാനത് അറ്റന്റ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ആക്സിഡന്റായത്. ഞാൻ പെട്ടെന്ന് റിവേഴ്സ് എടുത്തു. അപ്പോഴാണ് അതിന്റെ സൈഡിൽ നിന്ന് ബ്ലഡ് വരുന്നതു കണ്ടത്. ഞാൻ അപ്പോൾ തന്നെ എസ് ഐയെ വിളിച്ചു. കോശി പത്ത് മിനുറ്റിനുള്ളിൽ വന്നു. പിന്നെ സ്റ്റേഷനിൽ നിന്നു രണ്ടു മൂന്ന് പൊലീസുകാര് കൂടെ വന്നു. കോശി വരുന്നതിനു  മുമ്പാണ്‌ ആ രണ്ടു പേര് വരുന്നത്. അവരെ കണ്ടപ്പോൾ ഞാൻ ബ്ലഡ് വരുന്ന കാര്യം പറഞ്ഞു.പൊലീസിനെ വിളിച്ചിട്ടുണ്ടെന്നും പറഞ്ഞു. അവരൊന്നു നോക്കിയിട്ടു പോയി."
മിഥ്യ ഒരു നിമിഷം ആലോചിച്ചിട്ടു ചോദിച്ചു, "അവരൊന്നും ചോദിച്ചില്ലേ?"
"ഇല്ല. അവരു പെട്ടെന്ന് പോയി"
"അവരുടെ സ്കെച്ച് വരച്ച് ലുക്കൗട്ട് നോട്ടീസ് കൊടുക്കണം. ഒന്നുകിൽ ഇവരാണ് ഇത്രയും കുഞ്ഞുങ്ങളെ കൊന്നത്. അതല്ലെങ്കിൽ യഥാർത്ഥ കൊലപാതകിയിലേക്കുള്ള വാതിലാണ് ഇവർ."


അടുത്ത ദിവസം ഓരോ കുട്ടികളുടെയും സ്കൂളിലും വീടുകളിലുമായി അവർ അന്വേഷണം നടത്തി. ആ രണ്ടുപേരെ കുറിച്ചായിരുന്നു അന്വേഷണം മുഴുവനും. പക്ഷേ അവരെക്കുറിച്ച് ആർക്കും അറിയില്ലായിരുന്നു.
അന്ന് വൈകിട്ട് ആരോ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു. അവരിലൊരാളെ കണ്ടു എന്നു പറഞ്ഞായിരുന്നു വിളിച്ചത്. ഉടൻ തന്നെ കോശി രണ്ടു പൊലീസുകാരെയും കൂട്ടി അവിടെ ചെല്ലുകയും അയാളെ കണ്ടുപിടിച്ചു സ്റ്റേഷനിലേക്കു കൊണ്ടുവരികയും ചെയ്തു. കോശി തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും അയാൾ ആ ട്രക്കിനെക്കുറിച്ച് ഒന്നും പറയുന്നുണ്ടായിരുന്നില്ല. കുറച്ചു സമയത്തിനു ശേഷം മിഥ്യ വന്നു. പല രീതിയിൽ അവർ ചോദ്യം ചെയ്തു.ഒടുവിൽ അയാൾക്കു സമ്മതിക്കേണ്ടി വന്നു.
 "സാർ. നാൻ താൻ സാർ. എങ്കിട്ടെ ഒരുവർ കൂപ്പിട്ടു  അന്ത ലാറി തിരുട സൊന്നാൻ സാർ. വേറെ എതുവും എനക്ക് തെരിയാത് സാർ."
"അത് യാര്? അവർ പേരുനക്ക് 
തെരിയുമാ 
                               തുടരും......

Saturday, 30 November 2019

ട്രക്ക്

ഹരി കോശിയോടായി ചോദിച്ചു 
"ആ വണ്ടിയ്ക്ക് കംപ്ലയിന്റ് വല്ലതും ഉണ്ടായിരുന്നോ എന്നു  നോക്കിയോ?"
"ഇല്ല സാർ. അങ്ങനെ ഒന്നുമില്ലായിരുന്നു."
മിഥ്യ ഹരിയോടായി പറഞ്ഞു, 
"നിഥിനെ ഒന്നു വിളിക്കണം. അന്നയാൾ അവിടെ എന്തൊക്കെയാണ് കണ്ടത് എന്നറിയണം. നമുക്ക് നിഥിനുമായി സംസാരിക്കാം."

നിഥിൻ അന്നു വൈകിട്ട് അഞ്ചരയോടെ സ്റ്റേഷനിലെത്തി. ചോദ്യങ്ങളെല്ലാം ചോദിച്ചത് മിഥ്യ ആയിരുന്നു.
"എപ്പോഴാണ് നിങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് പോയത്?
"രാവിലെ ഒരു നാലുമണിയോടടുത്ത സമയത്താണ്."
"പോകുന്ന വഴിക്ക് ആ വണ്ടി കണ്ടിരുന്നോ?"
"അത് ശ്രദ്ധിച്ചില്ല."
"സ്റ്റേഷനിലേക്കു പോയത് ആരെ കൊണ്ടായിരുന്നു?"
"ചേച്ചിയും ഹസ്ബന്റും!"
"ഓക്കെ. അവരെ ഒന്നു ഫോൺ ചെയ്യാമോ?"
നിഥിൻ ഫോണെടുത്തിട്ട്, "ഇതാ മാഡം നമ്പർ" 
മിഥ്യ അവരെ വിളിച്ചു. അവർ അന്നു പോകുമ്പോൾ അവിടെ വണ്ടികളൊന്നുമില്ലായിരുന്നു.
അവസാനമായി മിഥ്യ ഒരു ചോദ്യം കൂടി ചോദിച്ചു.
"അന്നു കോശി സാറിനെ വിളിക്കുമ്പോഴോ അതു കഴിഞ്ഞോ അവിടെ ആരെങ്കിലും വന്നിരുന്നോ?"
"ആ.. രണ്ടു പേരുണ്ടായിരുന്നു. ഒരാൾ മെലിഞ്ഞു താടിയുള്ള ഒരാൾ. മറ്റൊരാൾക്ക് നല്ല ഹൈറ്റുണ്ടായിരുന്നു."
"അവരുടെ സ്കെച്ച് വരയ്ക്കാൻ തക്ക ഓർമ്മയുണ്ടോ?"
"സഹായിക്കാം "
പെട്ടെന്ന് കോശി ഇടപെട്ടു.
"ഒരു സംഭവം നടന്ന് അവിടെ നാല് പൊലീസുകാര് വരുമ്പോൾ ചുമ്മാതെയാണെങ്കിലും നമ്മൾ മലയാളികൾ എത്തി നോക്കും. അതിലിപ്പോളിത്ര അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല."
"രാവിലെ അഞ്ചരയ്ക്കും ആറുമണിയ്ക്കും ഇടയ്ക്കാണ് ഈ പറയുന്ന നാലു പൊലീസുകാര് അവിടെ ചെല്ലുന്നത്. ആ സമയത്ത് ആ വഴിയിൽ വരാൻ സാധ്യതയുള്ളവർ ചുരുക്കമാണ്. അവിടെ പുല്ല് വളർന്ന് കാടുപോലെ കിടക്കുകയാണ്. അതുകൊണ്ടു തന്നെ അവരെ സംശയിക്കണം"
നിഥിനോടായി,"അവരെന്തെങ്കിലും ചോദിക്കുകയോ മറ്റോ ചെയ്തോ?"
"ഇല്ല. ഞാൻ നിന്ന ഭാഗത്തു നിന്നാണ് അവർ വന്നത്. പൊലീസ്കാരെ കണ്ടപ്പോൾ അവർ തിരിച്ചുപോയി." 
"കുറച്ചുകൂടി വിശദമായി പറയുമോ?"
                             തുടരും..

Wednesday, 13 November 2019

ട്രക്ക്

ഹരി അപ്പോൾ തന്നെ എസ് ഐയെ വിളിച്ചു പറഞ്ഞു. അതിന് ശേഷം മിഥ്യയോട് ചോദിച്ചു, "അഥവാ വണ്ടിയ്ക്ക് ഒരു കംപ്ലയിന്റുമില്ല എന്നു വരട്ടെ. എന്തായിരിക്കാം അവരുടെ ഉദ്ദേശം? "
"പേടിപ്പിക്കുക. അത്രമാത്രം. അങ്ങനെയെങ്കിൽ അവരുടെയെല്ലാം ഹിസ്റ്ററി കണ്ടുപിടിക്കണം. നമുക്ക് നമ്പർ ഇടാം ഒന്നു മുതൽ പതിനഞ്ചു വരെ. ഓരോരുത്തരുടെ പ്രായം, ശരീരത്തിലെ മുറിവുകൾ, കൊല്ലപ്പെട്ട ദിവസം ഇതൊക്കെ കണ്ടുപിടിക്കണം.
അത്യാവശ്യമായി പോസ്റ്റുമോർട്ടം ചെയ്യണം. "
"ഏകദേശം പത്ത് ഇരുപത് വയസ്സിനിടയ്ക്കുള്ള ആൺകുട്ടികൾ ആണ് എല്ലാം. അവരുടെ ശരീരത്ത് ചെളി ഉണ്ടായിരുന്നു. കുറച്ചു ശവങ്ങൾ അഴുകിയിരുന്നു. ഇവരൊക്കെ ഏതു നാട്ടുകാരാണെന്നു പോലും അറിയില്ല."
"പത്ത് പതിനഞ്ചു വയസ്സിനിടയ്ക്കുള്ള കുട്ടികളാണെങ്കിൽ വീട്ടുകാർ ഉറപ്പായും മിസ്സിങ് കേസ് കൊടുത്തിട്ടുണ്ടാകും. ആ വഴിക്കു നോക്കാം.മാഡം ആ ഡീറ്റെയിൽസ് ഒന്നു കളക്ട് ചെയ്തു തരണം. പിന്നെ മാഡം വരണ്ട. എല്ലാം ഞങ്ങൾ നോക്കിക്കോളാം. ഇതിനു വേണ്ടി സമയം കളഞ്ഞാൽ സ്വന്ത ജോലികൂടി ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല. പിന്നെ എന്നെ പോലെ വീട്ടിലിരിക്കേണ്ടി വരും. കേസിന്റെ പ്രോഗ്രസ്സ് ഞങ്ങൾ അറിയിക്കാം."
ഹരിയും മിഥ്യയും ട്രക്ക് പരിശോധിക്കാനായി പോയി. ട്രക്കിനു ചുറ്റും നല്ല രീതിയിൽ ചെളി ഉണ്ടായിരുന്നു. പുഴയോടടുത്തുള്ള സ്ഥലങ്ങളിൽ കാണുന്ന തരത്തിലുള്ള മണ്ണായിരുന്നു ആ ട്രക്കിലുള്ളത്. അതിനാൽ തന്നെ പുഴയോടടുത്തുള്ള സ്ഥലങ്ങളിൽ അവർ ഒരു തിരച്ചിൽ നടത്തി. അവിടെ നിന്ന് പക്ഷേ ഫലപ്രദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
തിരികെ വന്നു മിസ്സിങ് കേസുകൾ പരതാൻ തുടങ്ങി. അതിൽ നിന്നും പതിമൂന്നു പേരെ കണ്ടെത്താൻ സാധിച്ചു. എല്ലാവർക്കും പതിനെട്ടു വയസ്സിനു താഴെ മാത്രമായിരുന്നു പ്രായം. 
"ഇവരുടെ ക്രിമിനൽ ബാക്ക്ഗ്രൗണ്ട് കണ്ടുപിടിക്കണം. വല്ല കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണെങ്കിലോ"

                       തുടരും


Wednesday, 6 November 2019

ട്രക്ക്

അടുത്ത ദിവസം തന്നെ മിഥ്യയുമായി കേസിനെ സംബന്ധിച്ചു ഒരു ചർച്ച നടത്തി. അനിത, ഹരി,മിഥ്യ എന്നിവർ മാത്രമായിരുന്നു ആ ചർച്ചയിൽ ഉണ്ടായിരുന്നത്. ഹരി സംസാരിച്ചു തുടങ്ങി.
" കഴിഞ്ഞ മാസം ഇരുപത്തിയൊമ്പതിന് രാവിലെ അഞ്ചര മണിയോടെയാണ് ഈ ട്രക്കിനെക്കുറിച്ച് ഒരാൾ എസ് ഐക്ക് ഫോൺ ചെയ്തു പറയുന്നത്. റെയിൽവേ സ്റ്റേഷനിൽനിന്നു മടങ്ങുകയായിരുന്ന അയാളുടെ കാർ ഈ ട്രക്കുമായി കൂട്ടിയിടിച്ചു. അയാൾ പുറത്തിറങ്ങി നോക്കിയപ്പോൾ ആ ട്രക്കിന്റെ പിൻവശത്തായി റോഡിൽ രക്തം കിടക്കുന്നതായി കണ്ടു. അതിൽനിന്നു പിന്നെയും രക്തം പോകുന്നുണ്ടായിരുന്നു. അയാൾ ഉടൻ തന്നെ എസ് ഐയെ വിളിച്ചു."
"എസ്ഐയെ ആണോ വിളിച്ചത്?" മിഥ്യ ചോദിച്ചു.
"ആ. അതെ അയാൾ കോശിയുടെ ഒരു സുഹൃത്താണ്."
"അയാളുടെ പേരെന്താണ്?"
"നിഥിൻ.  അഡ്രസ്സും ഫോൺ നമ്പറും വാങ്ങിയതിനു ശേഷമാണ് അയാൾ പോയത്. പൊലീസെത്തുമ്പോൾ അയാളവിടെ ഉണ്ടായിരുന്നു."
"വണ്ടിയുടെ ഓണറെ കണ്ടുപിടിക്കാൻ ശ്രമം നടത്തിയിരുന്നോ?"
"അതൊരു കൺസ്ട്രക്ഷൻ കമ്പനിയുടെയാണ്. ഇരുപത്തിയാറിന് അവരുടെ സൈറ്റിൽ നിന്ന് അത് മോഷണം പോയതാണ്. അവരോട് വിശദമായി ചോദിച്ചതാണ്. മറുപടിയിൽ വലിയ കുഴപ്പമുണ്ടെന്നു തോന്നിയില്ല. വേണമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാമല്ലോ?പക്ഷേ എന്റെ സംശയം അതല്ല പത്ത് പതിനഞ്ചു ശവങ്ങളുള്ള ഒരു വണ്ടി എന്തുകൊണ്ടാണ് എല്ലാവർക്കും കാണാവുന്ന രീതിയിൽ ഉപേക്ഷിച്ചിട്ടു പോയത്.?"
"അതുപേക്ഷിച്ചു പോയതാണെന്ന് എന്താ ഇത്ര ഉറപ്പ്? ഡീസൽ ചെക്കു ചെയ്തിരുന്നോ? അതല്ല എഞ്ചിനോ       മറ്റോ വല്ല കംപ്ലൈന്റ്റ് ഉണ്ടെങ്കിലോ?                                              തുടരും

Thursday, 31 October 2019

ട്രക്ക്

പൊലീസിന് കേസ് തെളിയിക്കാൻ സാധിക്കാത്തതിനാൽ അഭിജിത്ത്, സുദേവൻ, ഡാനിയേൽ, ഫിറോസ് എന്നിവരുടെ കൊലപാതകക്കേസ് സിബിഐയ്ക്കു കൈമാറി. സഹോദരിയെ നിയമവിരുദ്ധമായി സംരക്ഷിക്കാൻ ശ്രമിച്ചു എന്നതു കൊണ്ട് മിഥ്യയെ സംശയാസ്പദമായി അനിശ്ചിതകാലത്തേക്കു സസ്പെൻഡ് ചെയ്തു. അങ്ങനെയിരിക്കെ ഹരിയുടെ സർക്കിളിൽ ഒരു ട്രക്ക് കണ്ടെത്തി. പതിനഞ്ചു ശവങ്ങൾ അടുക്കിയിട്ടിരുന്ന, ചെളിപുരണ്ട, ഉപേക്ഷിക്കപ്പെട്ട ഒരു ട്രക്ക്. അതിന്റെ പിന്നിലുള്ളവരെ  കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം അനിതയിൽ ഭരമേല്പിക്കപ്പെട്ടു.

കേസ് മറ്റേതെങ്കിലും വിഭാഗത്തിനു കൈമാറാൻ പൊലീസുകാരുടെ അഭിമാനം സമ്മതിച്ചില്ല. ഇതു കൂടെ തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അനിതയുടെ പരാജയകഥകൾക്ക് ഒന്നുകൂടെ മാറ്റുകൂടും. ഒരു പെണ്ണ് അന്വേഷിക്കുന്നതുകൊണ്ടാണിങ്ങനെ എന്നെല്ലാവരും കുറ്റപ്പെടുത്തും. അത് തനിക്കു മാത്രമല്ല എല്ലാ സ്ത്രീകൾക്കും അപമാനമായി മാറും. എന്തു ചെയ്യണമെന്നറിയാതെ കൈ തലയിൽ വച്ചുകൊണ്ടിരുന്നപ്പോഴാണ് ഹരിയുടെ ചോദ്യം അവളുടെ ചിന്തകളെ മുറിച്ചു മാറ്റിയത്.
"മിഥ്യയുടെ സസ്പെൻഷൻ പിൻവലിക്കാൻ എന്തെങ്കിലും സാധ്യത ഉണ്ടോ? "
"എന്തിനാ അതൊക്കെ? രണ്ട് കേസ് ഞങ്ങൾ ഒന്നിച്ചന്വേഷിച്ചു. രണ്ടിന്റെയും അവസ്ഥ ഹരിക്കറിയാം. ഇനി ഇതു കൂടെ അതുപോലെ ആകുകയാണെങ്കിൽ എല്ലാവർക്കും ജോലി കളഞ്ഞു വീട്ടിലിരിക്കാം."
"അതല്ല. മിഥ്യയുടെ അന്വേഷണ രീതി ഒരുപാട് ഡിഫറന്റാണ്. നമ്മുടെ രീതിയല്ലത്. രണ്ടു കേസിലെയും പ്രതികളെ കണ്ടുപിടിച്ചതവളല്ലേ! തെളിവില്ലാതിരുന്നതുകൊണ്ടല്ലേ അന്നത് കോടതിയിൽ തോറ്റുപോയത്? അവൾ തിരിച്ചു വന്നാൽ എന്തെങ്കിലും പ്രോഗ്രസ്സുണ്ടാകും. ഞാനുറപ്പു തരാം."
"ഞാനൊന്നു ശ്രമിച്ചു നോക്കാം."
മിഥ്യയെ തിരികെ കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടു.'അവൾ അന്വേഷിക്കട്ടെ. അതിനു ശേഷം സസ്പെൻഷൻ പിൻവലിക്കണോ എന്ന കാര്യം തീരുമാനിക്കാം' എന്നായിരുന്നു പ്രതികരണം. അങ്ങനെ മിഥ്യ ഔദ്യോഗിക ഭാരങ്ങളൊന്നുമില്ലാതെ ആ അന്വേഷണത്തിന്റെ ഭാഗമായി.

തുടരും

Tuesday, 22 October 2019

മാ നിഷാദ

ആ സ്നേഹം അതേപോലെ എന്നിലേക്കു വരണമെങ്കിൽ അവൾ ഇല്ലാതെയാവണം എന്നൊരു തോന്നൽ എന്നിൽ ദിനംപ്രതി വർധിച്ചു വന്നു. പലപ്പോഴും അവളെ കൊല്ലണം എന്ന ലക്ഷ്യത്തോടെ പേന എടുക്കുമായിരുന്നു. പക്ഷേ സഞ്ജയ് തന്റെ ജീവനെപ്പോലെയാണ് കൃഷ്ണയെ സ്നേഹിക്കുന്നത് എന്നു തോന്നി. അവൾ ഇല്ലാതെയായാൽ, അതിന് കാരണക്കാരി ഞാനാണെന്നറിഞ്ഞാൽ, അവൻ എന്നെ ഒരിക്കലും സ്നേഹിക്കില്ല. അവൾ ജീവനോടെയുണ്ടെങ്കിൽ എനിക്കു മന:സമാധാനവുമില്ല.
ഒടുവിൽ 'തേപ്പ്' എന്ന മനോഹരമായ ആ കല നടപ്പിലാക്കാൻ ഞാൻ തീരുമാനിച്ചു.
പക്ഷേ ആദ്യം തീരുമാനിച്ചതുപോലെ ആയിരുന്നില്ല. കൃഷ്ണയെ ഒരു 'തേപ്പുകാരി'യായി ചിത്രീകരിക്കില്ല എന്നു വാശി പിടിച്ച ഞാൻ ഒടുവിൽ എന്താണ് ചെയ്തത്? ഞാൻ ഒരല്പം സ്വാർത്ഥയല്ലേ?
എന്നിരുന്നാലും ആ കഥ പൂർത്തിയാക്കാൻ ഞാൻ തീരുമാനിച്ചു. കൃഷ്ണ ഉപേക്ഷിച്ച് പോകുമ്പോൾ സഞ്ജയ് കുറച്ചുനാൾ വിഷമത്തിലാകുന്നു. പിന്നീട് തന്റെ ജോലിത്തിരക്കുകൾക്കിടയിൽ അവളുടെ ഓർമ്മകൾക്കു സ്ഥാനമില്ലാതാകുന്നു.അങ്ങനെ കഥ പൂർത്തിയായി. അന്നു ഞാൻ സുഖമായുറങ്ങി.
അടുത്ത ദിവസം ഞാനെന്റെ പ്രസാധകർക്ക് അതിന്റെ ഒരു കോപ്പി മെയിൽ ചെയ്തു.  മൂന്നു നാലു ദിവസങ്ങൾക്കു ശേഷം അവർ എന്നെ വിളിച്ചു. തുടക്കത്തിൽ വളരെ ശാന്തമായിട്ടാണ് അവരെന്നോട് സംസാരിച്ചത്. പിന്നീട് ശബ്ദം കടുത്തു.
"ഇങ്ങനെ ഒരു കഥയല്ലല്ലോ എഴുതാം എന്നു പറഞ്ഞത്."
"എനിക്കു കഥ മാറ്റണമെന്നു തോന്നി. ഞാൻ മാറ്റി."
"ഈ കഥ പബ്ലിഷ് ചെയ്താൽ ആരു വായിക്കും? ഇതിന് എന്തു മാർക്കറ്റുണ്ടാവും? ഇങ്ങനെയൊരു കഥയ്ക്ക് എവിടെയാണ് ഡിമാന്റ് ഉള്ളത്?"
"ഞാൻ വേറെ ഏതെങ്കിലും പബ്ലിഷിങ് കമ്പനിക്കു കൊടുത്തോളാം. നിങ്ങളുടെ സഹായം ആവശ്യമില്ല."
"അതൊന്നും നടക്കില്ല മാഡം. അന്നു കോണ്ട്രാക്ട് സൈൻ ചെയ്തതോർമ്മയുണ്ടോ? ആറു മാസത്തിനുളളിൽ ഞങ്ങൾക്കു പുതിയ നോവൽ തരാമെന്നാണ് അതിലുള്ളത്. ഇത് ഞങ്ങൾ പബ്ലിഷ് ചെയ്യില്ല. രണ്ടാഴ്ച കൂടെ സമയമുണ്ട്. അതിനുള്ളിൽ അത് കിട്ടിയിരിക്കണം."
അങ്ങനെ എനിക്കു മനസ്സിലാകാത്ത കുറേ നിയമങ്ങൾ അവർ പറഞ്ഞു, കഥ ഞാൻ തിരുത്തിയെഴുതിയേ മതിയാവൂ.

ഞാനെന്നെത്തന്നെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു അതു വെറും കഥയാണെന്ന്. കയീനും കൃഷ്ണയും എന്റെ സൃഷ്ടികളാണെന്ന്. ഇതു വെറും തോന്നൽ മാത്രമാണെന്ന് ഞാൻ വീണ്ടും വീണ്ടും എന്റെ മനസ്സിനോട് പറഞ്ഞു കൊണ്ടേയിരുന്നു.
ഒടുവിൽ അവരുടെ ഇഷ്ടത്തിനനുസരിച്ച് ആ കഥ ഞാൻ പൂർത്തിയാക്കി. ചങ്ങല വളകളണിഞ്ഞ കൈകൾ കൊണ്ട്.

എല്ലാം എന്റെ തെറ്റാണ്. കേവലം ലാഭത്തിനുവേണ്ടി ക്രിയാത്മകഥയെ വിൽക്കുന്നവർക്ക് വേണ്ടി ഞാനെഴുതരുതായിരുന്നു.  ആത്മാവിന്റെ പകർത്തിയെഴുതലാണ് കല. പക്ഷേ എല്ലാം കച്ചവടമായിപ്പോയി. പറയേണ്ടിയിരിക്കുന്നു. അരുതു കാട്ടാളാ. കൊല്ലരുത്. ആരുടെയൊക്കെയോ മനസ്സിൽ അക്ഷരങ്ങളുടെ നിറമുള്ള പക്ഷികളുണ്ട്. കച്ചവടത്തിന്റെ വിഷം നിറഞ്ഞ അമ്പുകൾ കൊണ്ട് അവയെ കൊല്ലരുത്...

                                   അവസാനിച്ചു.

നന്ദി:
ദൈവത്തിനു, മാതാപിതാക്കൾക്ക്, സഹോദരങ്ങൾക്, പ്രോത്സാഹിപ്പിക്കുന്ന കോളേജ് സുഹൃത്തുക്കൾക്ക്, ട്വിറ്ററിലെ സുഹൃത്തുക്കൾക്ക്, ഞാൻ പോലുമറിയാതെ വായിച്ചു പോകുന്ന നിങ്ങൾക്ക്, പിന്നെ എപ്പോഴോ ഈ കഥയുടെ പ്രചോദനമായവർക്ക്.

Wednesday, 16 October 2019

മാ നിഷാദ

എഴുതിയ ഭാഗങ്ങൾ വീണ്ടും വീണ്ടും വായിക്കുന്നത് ഒരു പതിവായി. എന്തിനാണ് അങ്ങനെ എഴുതിയത് എന്ന സംശയം എന്നെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. പക്ഷേ എപ്പോഴോ ഞാനതിന്റെ ബാക്കി എഴുതിത്തുടങ്ങി. വീണ്ടും പറയട്ടെ ഒന്നും മനപൂർവം ആയിരുന്നില്ല.
[ അടുത്ത ദിവസം രാവിലെ അവൾ വീണ്ടും ഫോൺ എടുത്തു നോക്കി. പക്ഷേ കയീന്റെ മെസ്സേജ് ഒന്നുമുണ്ടായിരുന്നില്ല. ബസിലിരുന്ന് അവൾ ആലോചിച്ചതു മുഴുവൻ അവനെക്കുറിച്ചായിരുന്നു. അയാൾ ആരാണ്? അവളുടെ അക്കൌണ്ട് എന്തിന്, എങ്ങനെ അയാൾ കണ്ടുപിടിച്ചു? എന്തിനു തനിക്കു മെസ്സേജ് അയച്ചു? ഇങ്ങനെയുള്ള ചോദ്യങ്ങളായിരുന്നു അവളുടെ മനസ്സു നിറയെ. എല്ലാത്തിനും ഇന്നൊരു മറുപടി കണ്ടെത്തണം.

സെന്റ് ജോസഫ്സ് ടെക്സ്റ്റയിൽസിനു മുന്നിലുളള സ്റ്റോപ്പിൽ അവളിറങ്ങി. അവിടെയുണ്ടായിരുന്ന എല്ലാ മുഖങ്ങളിലും കണ്ണോടിച്ചു. പക്ഷേ അവളുടെ കാഴ്ചപ്പാടിലുള്ള കയീനെയോ, സഞ്ജയെയോ അവൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.
രാവിലെ വലിയ തിരക്കില്ലായിരുന്നു. അവൾ ഫോണെടുത്തു സഞ്ജയ്ക്കു മെസ്സേജ് അയയ്ക്കാൻ തുടങ്ങി.
            "ആരാണെന്നു പറയൂ പ്ലീസ്.   
             മനസ്സിലാവുന്നില്ല."
"കണ്ടുപിടിക്ക്"
            "പറഞ്ഞില്ലെങ്കിൽ ഞാനിനി ചാറ്റ്
             ചെയ്യത്തില്ല."
"നേരെ കാണുന്ന സ്റ്റുഡിയോയിലേക്കു നോക്ക്. ഞാനവിടെയുണ്ട്."

അവൾ നോക്കിയപ്പോൾ അവൻ കയ്യെടുത്തു കാണിച്ചു. അവൾ വീണ്ടും മെസ്സഞ്ജർ ഓപൺ ചെയ്തു.
             "നിന്റെ പേര് സഞ്ജയ്
              എന്നായിരുന്നോ?"
"അതെന്താ എനിക്കു സഞ്ജയ് എന്നു
പേരു വരാൻ പാടില്ലേ?"

അങ്ങനെ ആ മെസ്സേജിങ് നീണ്ടു നീണ്ടു പോയി.
അവൻ അവളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. അവരുടെ സൌഹൃദം പ്രണയമായി മാറി. അവർ പോലുമറിയാതെ.]

പക്ഷേ പ്രണയിച്ചത് കൃഷ്ണയും സഞ്ജയുമായിരുന്നില്ല. ഞാനും കയീനുമായിരുന്നു. ആ കഥാപാത്രം എന്നെ വല്ലാതെ സ്വാധീനിക്കുന്നുണ്ടായിരുന്നു. ഞാൻ പോലുമറിയാതെ എനിക്കുള്ളിൽ എന്തൊക്കെയോ നടക്കുന്നുണ്ടായിരുന്നു. അവനെ എന്റേതു മാത്രമാക്കണമെന്നൊരു തോന്നൽ എന്നിൽ നിഴലിച്ചു. അതിന് അവളെ കൊല്ലേണ്ടത് ആവശ്യമായിരുന്നു. തീരുമാനിച്ച കഥയിൽ നിന്നും ഒരുപാട് ദൂരെ.
                           തുടരും..

Wednesday, 9 October 2019

മാ നിഷാദ

[ അവൾക്കു പെട്ടെന്ന് ഒരു സംശയം. സ്കൂളിലോ കോളജിലോ തന്റെ കൂടെ പഠിച്ച ആരെങ്കിലും? അകന്ന ബന്ധുക്കൾ ആരെങ്കിലും? അനോണിമസ് അക്കൌണ്ടുകളുടെ കാലഘട്ടം അല്ലേ! അങ്ങനെ ആരെങ്കിലും ആണോ എന്ന് സംശയിച്ച് അവൾ ഒരു മെസ്സേജ് അയച്ചു.
         "യഥാർത്ഥ പേര് ഇത് തന്നെയാണോ?"
അപ്പോൾ തന്നെ മറുപടിയും വന്നു.
"അല്ല. സഞ്ജയ് എന്നാണ്"
             "പിന്നെന്താ ഇങ്ങനെ ഒരു പേര്?"
"ഈ ക്യാരക്റ്റർ ഒരുപാട് ഇഷ്ടമാണ്. ജീവിതവും അതുപോലെ തന്നെ നല്ല കഷ്ടപ്പാടാണ്."
             "എന്നെ എങ്ങനെ അറിയാം?"
"അതൊക്കെ അറിയാം"
               "പറയ്. പ്ലീസ്.  എനിക്കൊരു
      .         പിടിയും കിട്ടുന്നില്ല."
"ഒന്നോർത്തു നോക്ക്."
              "എന്നെ തന്നെയാണോ? ആളു
               മാറിപ്പോയില്ലല്ലോ!"
"സെന്റ് മേരീസിലല്ലേ ജോലി?"
              "അതേ! എങ്ങനെ അറിയാം?"
"നമ്മൾ ഒരു സ്റ്റോപ്പിലാണ് ഇറങ്ങുന്നത്"
             "അവിടെ ഒരുപാട് പേരിറങ്ങുന്നുണ്ട്.
             അതിലാരാണെന്നു വിചാരിക്കണം?
              പറയ്. പ്ലീസ്"
"നാളെ നേരിട്ടു കാണാം. അപ്പോൾ പറ്റുമെങ്കിൽ കണ്ടുപിടിക്ക്."
               "ഓക്കെ"
"ഗുഡ് നൈറ്റ്"
               "ഗുഡ് നൈറ്റ്"]
    
ഇത്രയും എഴുതിയത് യാന്ത്രികമായിട്ടായിരുന്നു.എഴുതിക്കഴിഞ്ഞ് ഞാനത് വായിച്ചു നോക്കി. ഞാനെഴുതാൻ ഉദ്ദേശിച്ച കഥയിൽ നിന്നും ഒരുപാട് ദൂരം എനിക്ക് അനുഭവപ്പെട്ടു. ഇന്റർനെറ്റിലൂടെ മാത്രം അടുപ്പമുള്ള രണ്ടു പേരായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്. ഇപ്പോളതു വളരെ അടുത്തു ജോലി ചെയ്യുന്നവരായി മാറി. മനപ്പൂർവമല്ല. അങ്ങനെ സംഭവിച്ചു പോയതാണ്. അതുപോലെ എത്രയെത്ര മാറ്റങ്ങൾ...
അവസാനം പ്ലാൻ ചെയ്ത കഥയും ഞാൻ എഴുതിയ കഥയും തമ്മിൽ യാതൊരു ബന്ധവുമില്ലാതെയായി.

NB:-1)വായിക്കേണ്ട രീതി.
സ്ക്വയർ ബ്രാക്കറ്റിൽ [ ] ഉള്ളത് 'വിരലുകൾ' എന്ന സാങ്കല്പിക നോവലിലെ പ്രസക്ത ഭാഗങ്ങൾ .
2) കഥാപാത്രങ്ങൾ സാങ്കല്പികം മാത്രം.

Wednesday, 2 October 2019

മാ നിഷാദ

കഥയ്ക്ക് ഒരു ഏകദേശരൂപം മനസ്സിൽ പതിഞ്ഞപ്പോൾ തന്നെ എഴുതിത്തുടങ്ങി.
വിരലുകൾ.
[ അവളുടെ വിരലുകൾ സ്ക്രീനിൽ ഓടി നടക്കുകയാണ്. പെട്ടെന്നാണ് മെസ്സേജ് ബോക്സിലെ ഒരു നോട്ടിഫിക്കേഷൻ അവളുടെ ശ്രദ്ധയിൽ പെട്ടത്. കയീൻ എന്ന ഒരാളാണ് മെസ്സേജ് അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അയാളുടെ റിക്വസ്റ്റ് അവൾ അക്സപ്റ്റ് ചെയ്തത്. സാധാരണ അവൾക്ക് പരിചയമുള്ളവരുടെ റിക്വസ്റ്റ് മാത്രമേ അവൾ അക്സപ്റ്റ് ചെയ്യാറുള്ളൂ. പക്ഷേ ആ പേരിലെ വത്യസ്തത. അതു അവളെ അയാളിലേക്ക് അടുപ്പിച്ചു. എന്തായാലും മെസ്സേജ് ഒന്നും അയക്കില്ല എന്ന് അവൾ നിശ്ചയിച്ചുറപ്പിച്ചിരുന്നു. ഇപ്പോളിതാ അയാൾ ഇങ്ങോട്ടു മെസ്സേജ് അയച്ചിരിക്കുന്നു. അവൾ ആ മെസ്സേജ് ഓപ്പൺ ചെയ്തു നോക്കി.
ഒരുവിധം എല്ലാ ചാറ്റുകൾക്കും തുടക്കമിടുന്ന ആ വാക്ക്.
Hi.
അവൾ അതിനു മറുപടിയൊന്നും കൊടുത്തില്ല. ചില പോസ്റ്റുകളിലേക്ക് കണ്ണോടിച്ച്, ചിലതിനു ലൈക്കു ചെയ്തു, ചിലതു ഷെയർ ചെയ്തു. ചിലതിനു കമന്റു ചെയ്തു. ചിലതു കണ്ടില്ല എന്നു നടിച്ചു സ്ക്രോൾ ചെയ്തു പോയി.

രാവിലെ അവളുടെ ഫോൺ തന്നെ അവളെ വിളിച്ചെഴുന്നേൽപ്പിച്ചു. അലാറം ഓഫ് ചെയ്തതിനു ശേഷം അവൾ ഡേറ്റ ഓൺ ചെയ്തു. വല്ല നോട്ടിഫിക്കേഷനുമുണ്ടോ ആരെങ്കിലും മെസ്സേജ് അയച്ചിട്ടുണ്ടോ എന്നൊക്കെ അവൾ നോക്കി. അക്കൂട്ടത്തിൽ ഒരു മെസ്സേജ് കയീന്റേതായിരുന്നു.
"എന്താ റിപ്ലൈ ഒന്നുമില്ലാത്തത്.
ചാറ്റിങ് ഇഷ്ടമല്ലേ?"
'ഞാൻ എനിക്കിഷ്ടമുള്ളവരോട് ചാറ്റ് ചെയ്യും. അത് നിങ്ങളറിയണ്ട കാര്യമല്ല.' എന്നു പറയണമെന്നവൾക്കുണ്ടായിരുന്നു. പക്ഷേ തത്കാലം അതു വേണ്ട എന്നു വച്ചു. ഇനി മെസ്സേജ് അയച്ചാൽ ബ്ലോക്ക് ചെയ്യും എന്നവൾ തീരുമാനിച്ചു.  പിന്നീടെപ്പോഴോ ഫോൺ എടുത്തപ്പോൾ അയാളുടെ അടുത്ത മെസ്സേജ്.
"എനിക്ക് നിങ്ങളെ നേരിട്ടറിയാം.
ഞാൻ കണ്ടിട്ടുണ്ട്. "]

                                     തുടരും..

Tuesday, 24 September 2019

മാ നിഷാദ

ഇങ്ങനെയുള്ള കഥകളിൽ സാധാരണ ഒരു വ്യക്തിയ്ക്ക് ആത്മാർത്ഥ പ്രണയമായിരിക്കും. അങ്ങനെയാണ് പറയുന്നത്. പക്ഷേ ആത്മാർത്ഥ പ്രണയമാണെങ്കിൽ താൻ സ്നേഹിക്കുന്നു എന്നു വാദിക്കുന്ന ആളെ കൊല്ലാൻ കഴിയുമോ? സംശയങ്ങൾ മരിക്കുന്നില്ല. എന്തൊക്കെയായാലും അങ്ങനെ ഒരു പരിവേഷം കഥയ്ക്കു കൊടുക്കാൻ തീരുമാനിച്ചു. പക്ഷേ അതിനെ ആത്മാർത്ഥ പ്രണയം എന്നു പറയാൻ എന്റെ മനസ്സാക്ഷി സമ്മതിക്കില്ല.
ഒരാൾക്ക് അല്പം ഗൗരവമേറിയ പ്രണയം. ഒരു തരം പൊസസ്സീവ്നെസ്. അങ്ങനെ ഒതുക്കേണ്ടി വരും.

ഇനി അതാരവണമെന്ന ചോദ്യം ബാക്കി. മിക്കവാറും ഇത്തരം കേസുകളിൽ കാമുകിയായിരിക്കും 'തേപ്പുകാരി'. പെൺകുട്ടികൾ പെട്രോളൊഴിച്ചു കത്തിക്കുന്നില്ല എന്നു വെച്ചു അവർ മാത്രമാണ് ചതിക്കുന്നത് എന്നു പറയാൻ പറ്റില്ലല്ലോ! പറ്റിക്കപ്പെടുന്ന പെൺകുട്ടികൾ അതൊന്നും പറയുന്നില്ലെന്നു മാത്രം. ഇവിടെ എനിക്ക് വേണ്ടത് കൃഷ്ണയുടെ ശബ്ദമായിരുന്നു. അവളുടെ പ്രതികാരം ഒരിക്കൽ കൂടി അറിയിക്കണം. ഒരാളെങ്കിൽ ഒരാൾ മാത്രം വായിക്കട്ടെ. അയാളിലെങ്കിലും എന്റെ ചിന്തകൾ പതിയട്ടെ. അതായിരുന്നു ഉദ്ദേശം.

പിന്നീട് എന്റെ മനസ്സിനെ അലട്ടിയിരുന്ന ഒരു പ്രധാന പ്രശ്നം ആരുടെ കാഴ്ച്ചപ്പാടിൽ നിന്നു കൊണ്ടു എഴുതണം എന്നതായിരുന്നു. കൃഷ്ണയുടെ പക്ഷത്തു നിന്നുകൊണ്ട് എഴുതിയാൽ കയീന്റെ മനസ്സിലുള്ളത് എന്താണെന്ന് പുറത്തു കൊണ്ടു വരാൻ കഴിയില്ല. തിരിച്ചും അതുപോലെ തന്നെ. അവ്യക്തമായ കുറേ സംഭവങ്ങൾ അടുക്കി വയ്ക്കുന്നതിനേക്കാൾ, പറയാനുദ്ദേശിക്കുന്നത് ഞാൻ തന്നെ വ്യക്തമായി പറയുന്നതാണെന്നു തോന്നി. അങ്ങനെയാണ് ഒരു തേഡ് പേഴ്സണിൽ നോവൽ എഴുതാം എന്നു തീരുമാനിച്ചത്. പൂർണ്ണമായും കഥയ്ക്ക് പുറത്തു നിന്ന് കൊണ്ട്. 

പക്ഷേ പിന്നീടെപ്പോഴോ ഞാൻ കഥയ്ക്കുള്ളിലേക്കു പോയതും, കഥയാകെ മാറിയതും ഞാനറിയാതെയായിരുന്നു.
  
                                             തുടരും.....

Wednesday, 18 September 2019

മാ നിഷാദ

ഇനി വേണ്ടിയിരുന്നത് ഒരു ആരംഭവും കഥയുടെ ഗതിയിൽ ഉണ്ടാകേണ്ട മാറ്റങ്ങളും ആയിരുന്നു. അവസാനം പെട്രോൾ ഒഴിച്ചു കത്തിക്കുന്നിടത്ത് കഥ അവസാനിക്കും.

കഥയിലെ നായികയും നായകനും എപ്പോൾ എവിടെ പരിചയപ്പെടണം? അതായിരുന്നു ആദ്യത്തെ ചോദ്യം.

കലാലയങ്ങളിലെയും ജോലിസ്ഥലത്തെയും പ്രണയം സ്ഥിരം കാഴ്ചയാണ്. മാത്രമല്ല അങ്ങനെയുള്ള പ്രണയങ്ങൾ അത്ര വേഗം നശിച്ചു പോകില്ല. പിരിയേണ്ടി വന്നാലും ഒരാളെ കൊല്ലുവാൻ തക്ക മാനസികാവസ്ഥ ഉണ്ടാകാൻ സാധ്യത കുറവായിരിക്കും. അപ്പോൾ പിന്നെ അവർ എങ്ങനെ പരിചയപ്പെടും എന്നാലോചിച്ച് ഞാൻ കിടന്നു. പതിയെ ഉറക്കത്തിലേക്കു വഴുതി വീഴുകയും ചെയ്തു. ഉണർന്നത് ആരോ ഒരാൾ ഫോൺ വിളിച്ചപ്പോഴാണ്. റോങ് നമ്പർ എന്നു പറഞ്ഞു ഫോൺ വച്ചു. പക്ഷേ ഉറങ്ങാൻ കിടന്നപ്പോൾ ആ റിങ്ടോൺ ചെവിയിൽ മുഴങ്ങുന്നതു പോലെ തോന്നി. ആരോ പറയുന്നതു പോലെ. ഇവിടെയാണ് ആരംഭിക്കേണ്ടത്.

അങ്ങനെ ഒടുവിൽ, ഒരു സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെടുന്ന രണ്ടു പേരുടെ കഥയായി എഴുതാം എന്നു വിചാരിച്ചു. ഒരു പ്രണയപ്രതികാര കഥയുടെ ഉത്തമ പശ്ചാത്തലം ഇന്റർനെറ്റ് ആണെന്നു തോന്നി. ടിക്ടോകും ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ഒരുപാട് പ്രണയങ്ങൾക്കു വഴിതെളിച്ചിട്ടുണ്ടല്ലോ. അതൊക്കെ ഒരു പരിധിവരെ പരാജയമായിരുന്നു താനും. അതാണ് ശരിയെന്ന് തോന്നി. അങ്ങനെ നിരന്തരമായ മെസ്സേജുകളിലൂടെ അവർ പരിചയപ്പെടുന്നു. പ്രണയത്തിലാകുന്നു.

അവിടെ നിന്നു തന്നെ നോവലിന് പേരും ലഭിച്ചു. വിരലുകൾ. ഹൃദയവും, ശ്വാസകോശവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കേണ്ട അവയവം തലച്ചോറാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ ആ തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കുന്ന രീതിയിൽ നമ്മുടെ വിരലുകൾ ജോലി ചെയ്യുകയാണ്. കേവലം ആറിഞ്ച് മാത്രം വലിപ്പമുള്ള സ്ക്രീനിൽ. അങ്ങനെ സാമാന്യം ഭേദപ്പെട്ട ഒരു പേരും കിട്ടി.

ഇനി വേണ്ടത് കഥയുടെ ഗതിമാറ്റം ആണ്.  എന്തുകൊണ്ട് അവർ പിരിയണം??

                                   തുടരും

Tuesday, 10 September 2019

മാ നിഷാദ

ഭ്രാന്ത്.
രണ്ടക്ഷരം കൊണ്ട് ഈ അവസ്ഥയെ വിവരിക്കാനാവില്ല എന്നുറപ്പു തന്നെ. അനുഭവിച്ചിട്ടുള്ളവർക്കു മാത്രം മനസ്സിലാവുന്ന എന്തോ ഒന്ന്. അല്ലെങ്കിൽ അതിനുമപ്പുറം.അതെഴുതി വയ്ക്കാനാവില്ല. ഇനി എഴുതിയാൽ തന്നെ, അതു വായിക്കുന്നവർക്ക് മനസ്സിലായെന്നു വരില്ല.

'വിരലുകൾ' എന്ന എന്റെ നോവൽ നാളെ പ്രകാശനം ചെയ്യാൻ പോകുകയാണ്. ഇതെഴുതിക്കഴിഞ്ഞപ്പോഴാണ് ഭ്രാന്ത് എത്ര വിചിത്രമാണ് എന്നെനിക്കു മനസ്സിലായത്.

'രക്തനിലം' കഴിഞ്ഞപ്പോഴാണ് പ്രസാധകർ പുതിയ നോവൽ എന്നോടാവശ്യപ്പെട്ടത്. ഒരു പ്രണയപ്രതികാര കഥ അവർ തന്നെ ആവശ്യപ്പെടുകയായിരുന്നു. പെട്രോളും ഡീസലുമൊക്കെ കേവലം വാഹനങ്ങളിൽ മാത്രമല്ലല്ലോ ഇന്നത്തെ യുവാക്കൾ ഉപയോഗിക്കുന്നത്. അങ്ങനെ ഒരു വിഷയം എഴുത്തിനായി തിരഞ്ഞെടുക്കുകയും അവരുമായി കരാറിൽ ഒപ്പ് വയ്ക്കുകയും ചെയ്തു.
പക്ഷേ പ്രണയം എനിക്ക് അറിയില്ല. അറിയില്ലായിരുന്നു എന്നു പറയുന്നതാകും ശരി. ഇപ്പോൾ ബോധ്യമുണ്ട്, പ്രണയമെന്ന് പറഞ്ഞ് നമുക്ക് ചുറ്റും കാണുന്നത് പ്രണയമല്ല പ്രഹസനമാണെന്ന്. ഒരർത്ഥം വരെ അതു ഭ്രാന്താണെന്ന്.

കുറേ നേരം ആലോചിച്ചു. എന്തെഴുതാനാണ്? കഥാപാത്രങ്ങൾ വേണം. നല്ലൊരു അവസാനം ഉണ്ടാകണം. വായിക്കുന്നവരുടെ ചിന്തകൾ കൊണ്ടുവരാൻ കഴിയണം. ഭാരിച്ച ജോലി തന്നെ.
'രക്തനില'ത്തിൽ യൂദാസായിരുന്നു നായകൻ. പൂർണമായും ബൈബിൾ ആസ്പദമാക്കി എഴുതിയ ഒരു നോവൽ. പക്ഷേ വായിച്ചശേഷം ഒരുപാട് ആളുകൾ അത് ഇഷ്ടമായെന്ന് പറഞ്ഞു. തോറ്റു പോയവന്റെ കഥയല്ലേ. "കർണ്ണൻ, നെപ്പോളിയൻ, ഭഗത് സിങ്..." ഇവരൊക്കെയാണല്ലോ ഇപ്പോൾ എല്ലാവരുടെയും ഹീറോസ്. ജയിച്ചു എന്നു പറയാൻ ആർക്കും കഴിയുന്നില്ല. അത്രയ്ക്ക് വലിയ മത്സരങ്ങൾ അല്ലേ നമുക്കു ചുറ്റും നടക്കുന്നത്. മാത്രമല്ല ഞാനും ഒരു വലിയ പരാജയമാണ്. അതുകൊണ്ട് തന്നെ ഈ കഥയിലും തോറ്റുപോയവരാകട്ടെ പ്രധാന കഥാപാത്രങ്ങൾ. പ്രണയകഥയിലെ നായികയെയും നായകനെയും കണ്ടെത്താൻ കുറച്ചൊന്നു ബുദ്ധിമുട്ടേണ്ടി വന്നു. അവരുടെ ജീവിതത്തിന്റെ എന്തെങ്കിലും ഒരു ഭാഗം കഥയിലുണ്ടാവണമെന്നു എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഒടുവിൽ കണ്ടെത്തി. സഹോദരന്റെ കൊലയാളിയായ കയീനും, അഞ്ചു പേരുടെ ഭാര്യയായ പാഞ്ചാലി എന്ന കൃഷ്ണയും. എപ്പോഴും അവരുടെ ഈ ഒരു വശം മാത്രമാണ് നല്ലൊരു ശതമാനം ആളുകളും കാണുന്നത്..
                                                      തുടരും

NB: ഞാനുമായോ എനിക്കറിയാവുന്നവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. ഇനി അഥവാ തോന്നുന്നുവെങ്കിൽ അത് യാദൃശ്ചികം മാത്രം.

Sunday, 8 September 2019

പിശാച്

അരികിലുണ്ടായിരുന്നുവെങ്കിലും നീ
ആയിരം കാതങ്ങളകലെയെന്നു തോന്നി.
പറയുവാൻ നൂറു വാക്കുണ്ടായിരുന്നെങ്കിലും,
അരികിൽ ഞാൻ മിണ്ടാതൊതുങ്ങിപ്പോയി.
പറയുവാനായി കരുതിയ വാക്കുകൾ
കോതിയൊതുക്കട്ടെ ഞാൻ.

മൃഗമായിരുന്നന്നു ഘോരമാം വനമതിൽ.
കാട്ടുതീ പോലെ പടർന്നു നീ വന്നെന്റെ
ഹൃദയത്തിൻ കോണിൽ സ്ഥാനം പിടിച്ചു.
ആരുമെടുക്കാതിരിക്കാനായ് ഞാനത്
മേഘത്തിൻ മീതെ ഒളിപ്പിച്ചു വച്ചു.
മേഘമുറഞ്ഞ് മഴയായി പെയ്തപ്പോൾ
താഴെവീണായിരം കഷണങ്ങളായി.
പിന്നെ ഞാൻ മനുഷ്യനല്ല. മൃഗവുമല്ല.
ഓർക്കുക, പിന്നെ ഞാനാരായിരിക്കും?

Monday, 22 July 2019

ആത്മഹത്യ എന്തിന്

ദൈവം തന്ന ദാനമാണ് ജീവൻ.
"ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു," (ഉല്പത്തി1:27) ഇങ്ങനെ ദൈവം തന്ന സ്വരൂപത്തെ ഇല്ലായ്മ ചെയ്യുന്നത് ശരിയാണോ? ഉത്തരം അല്ല എന്നു തന്നെയാണ്. എങ്കിലും ചില സാഹചര്യങ്ങൾ ചിലരെ ആത്മഹത്യയിലേക്ക് നയിക്കാറുണ്ട്. ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങൾ എന്തൊക്കെ? എങ്ങനെ അതിൽ നിന്നും രക്ഷപെടാം? നമുക്ക് പരിശോധിക്കാം.
ഒരു സംഭവകഥയിൽ നിന്നാരംഭിക്കാം.

അഞ്ചാം വയസ്സിൽ അച്ഛൻ മരിച്ചു പോയി. പതിനാറ് വയസ്സുള്ളപ്പോൾ സ്കൂളിൽ നിന്നും പടിയിറങ്ങി. പതിനേഴ് വയസ്സായപ്പോഴേക്കും നാലു ജോലി നഷ്ടപ്പെട്ടിരുന്നു. പതിനെട്ടാം വയസ്സിൽ വിവാഹിതനായി. ആർമിയിൽ ചേർന്നെങ്കിലും അവിടെ നിന്നിറക്കി വിട്ടു. ഇരുപതാം വയസ്സിൽ ഭാര്യ പിണങ്ങിപ്പോയി. ഭാര്യയെയും കുഞ്ഞിനെയും തിരിച്ചു കൊണ്ടു വരാൻ ഒരു കഫേയിൽ പാചകക്കാരനായി ജോലി ചെയ്തു. അറുപത്തി അഞ്ചാം വയസ്സിൽ റിട്ടയർ ആയി. ജീവിതത്തിൽ താൻ ഒരു പരാജയം ആണ് എന്ന തോന്നൽ മൂലം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. വിൽപത്രം എഴുതിക്കൊണ്ടിരുന്നപ്പോൾ താൻ എത്ര നല്ല പാചകക്കാരനാണ് എന്ന് അയാൾ ഓർത്തു. 87 ഡോളർ കടം വാങ്ങി തന്റേതായ രീതിയിൽ ചിക്കൻ ഉണ്ടാക്കി, വീടുകൾ തോറും കയറിയിറങ്ങി വില്പന നടത്തി. ഇന്ന് ലോകമെമ്പാടും ആവശ്യക്കാരുള്ള KFC സാമ്രാജ്യം ആരംഭിച്ചത് ഇങ്ങനെ ആണ്. ആ വ്യക്തിയാണ് കേണൽ സാൻഡേഴ്സൺ.

ഇത് ഒരു നിമിഷത്തിന്റെ അതിജീവനമായിരുന്നു. എങ്ങനെ നമുക്ക് ഈ അതിജീവനശേഷി നേടിയെടുക്കാം എന്ന് നോക്കാം.
ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങൾ പലതാണ്. അതിലെ ഏതാനും ചിലത് ചുവടെ ചേർക്കുന്നു.
1) ജീവിതം മടുത്തു.
പലരും പലപ്പോഴും പറയാറുള്ളതാണ് ജീവിതം മടുത്തു എന്നു. എങ്ങനെയാണ് ജീവിതം മടുക്കുന്നത്? ഉത്തരം ലളിതമാണ്. ജീവിതത്തിൽ നിന്ന് ലഹരി ഇല്ലാതാകുമ്പോഴാണ് മടുപ്പനുഭവപ്പെടുന്നത്. ആ ലഹരി മദ്യത്തിന്റേയോ മയക്കുമരുന്നിന്റേയോ അല്ല. ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയുമാണ്. ഒരു ലക്ഷ്യമുണ്ടാവണം. അതിലേക്ക് പറന്നെത്താൻ മനസ്സുണ്ടാവണം. അതിനായി അധ്വാനിക്കണം.

കേവലം എട്ടു വയസ്സുള്ളപ്പോൾ ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തുടങ്ങിയ ഒരു വ്യക്തിയുണ്ട്. നിക്ക് വ്യൂജിച്. മറ്റു കുട്ടികൾ പൂമ്പാറ്റകളെ പോലെ പാറി നടക്കുന്നത് കാണുമ്പോഴൊക്കെ തന്നെ ഈ രൂപത്തിൽ സൃഷ്ടിച്ച ദൈവത്തെ അവൻ പഴിച്ചിരുന്നു.തങ്ങളുടെ മകനെ മുറിക്കുള്ളിൽ ഒരു ഇഴജന്തുവിനെപ്പോലെ വളർത്താൻ അവന്റെ മാതാപിതാക്കൾ തയ്യാറായില്ല. അവന്റെ സഹോദരങ്ങളും അവന് പൂർണ പിന്തുണ നൽകി. എങ്കിലും പലതവണ ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഇത്രമേൽ തന്നെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും ഓർത്തപ്പോൾ അവരെ സന്തോഷിപ്പിക്കാൻ ജീവിതത്തെ സ്നേഹിച്ചു തുടങ്ങി. വളരെ ബുദ്ധിമുട്ട് സഹിച്ച് എഴുതാനും വരയ്ക്കാനും തുടങ്ങി. നീന്താൻ പഠിച്ചു.നിക്കിനു പതിനേഴ് വയസ്സുള്ളപ്പോൾ സ്കൂളിലെ ഒരു തൂപ്പുകാരൻ ചോദിച്ചു, "നിക്ക്, നിന്റെ ജീവിതത്തെക്കുറിച്ചും നീ ഇപ്പോൾ അനുഭവിക്കുന്ന സന്തോഷത്തെക്കുറിച്ചും മറ്റു കുട്ടികളോട് പങ്കുവച്ചുകൂടെ! അവരൊക്കെ എന്തു നിസ്സാരകാര്യങ്ങളെക്കുറിച്ചാണ് വെറുതെ വ്യസനിച്ചു കഴിയുന്നത്." അങ്ങനെ സ്കൂളിലെ മുപ്പതു കുട്ടികളോട് തന്റെ കഥ പറഞ്ഞു. പിന്നീട് ലോകം മുഴുവൻ (60 രാജ്യങ്ങൾ) അദ്ദേഹം സംസാരിച്ചു. 'ലൈഫ് വിത്തൗട്ട് ലിംബ്സ്' എന്ന സംഘടന സ്ഥാപിച്ചു. അതേ പേരിൽ പുസ്തകവും പ്രസിദ്ധീകരിച്ചു. നിക്കിന്റെ അഭിപ്രായത്തിൽ "എന്നെ ഒന്നിനും കൊള്ളില്ല" എന്നതാണ് ഒരുവന് പറയാവുന്ന ഏറ്റവും വലിയ നുണ.

രണ്ട് കയ്യും കാലുമില്ലാത്ത ഒരാൾക്ക് ഇത്രയും ചെയ്യാൻ സാധിക്കുമെങ്കിൽ നമുക്ക് എത്രമാത്രം മുന്നോട്ടു പോകാൻ പറ്റും. താലന്തു മണ്ണിൽ കുഴിച്ചിടാനുള്ളതല്ല അത് ഇരട്ടിക്കാനുള്ളതാണ്.കറുത്തുപോയി, തടികൂടിപ്പോയി, മെലിഞ്ഞുപോയി, നീളമില്ല, സൗന്ദര്യമില്ല എന്നൊക്കെ പറയുമ്പോൾ നിക്കിനെ പറ്റി ഒന്നാലോചുക്കുക.
2)പരാജയം.
പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണ് എന്നല്ലേ പറയാറുള്ളത്. പിന്നെ എന്തിനാണ് പരാജയങ്ങളെ ഓർത്തു വിഷമിക്കുന്നത്.
1992ൽ പതിനെട്ട് വയസ്സുള്ളപ്പോൾ ഒരു ചെറുപ്പക്കാരൻ സിനിമയിൽ അഭിനയിക്കാൻ പോയി. ഇവനൊക്കെ എവിടെ എത്തിച്ചേരും, കറുപ്പ് നിറമല്ലേ, കാണാനും കൊള്ളില്ല എന്ന് ഒരുപാട് ആളുകൾ പറഞ്ഞു. ആദ്യമിറങ്ങിയ സിനിമകൾ വൻ പരാജയമായിരുന്നു. തളർന്നില്ല. കഠിനമായി അധ്വാനിച്ചു. ഇന്ന് തെന്നിന്ത്യൻ സിനിമ അടക്കി ഭരിക്കുന്ന ചക്രവർത്തിമാരിൽ ഒരാൾ. ദളപതി വിജയ്.

പിന്നെന്തിനാണ് പരാജയത്തെ പേടിക്കുന്നത്? കഠിനാദ്ധ്വാനം ചെയ്യാൻ ഉള്ള മനസ്സുണ്ടെങ്കിൽ എത്രവലിയ ഉയരം വേണമെങ്കിലും കീഴ്പ്പെടുത്താം.
3)ഏകാന്തത.
ഒറ്റയ്ക്കാകുമ്പോഴാണ് ആത്മഹത്യയെപ്പറ്റി ചിന്തിക്കാറുള്ളത്. കൂട്ടുകാരോടൊന്നും അധികം സംസാരിക്കാതെ ഒറ്റയ്ക്ക് നടക്കുന്ന പലരെയും കണ്ടിട്ടുണ്ട്. എല്ലാവരെയും നമുക്ക് സ്നേഹിക്കാൻ കഴിയില്ല. പക്ഷേ നമ്മളെ മനസ്സിലാക്കുന്ന നമ്മുടെ സ്വഭവുമായി യോജിച്ചു പോകുന്ന കുറച്ചു പേരെയെങ്കിലും കണ്ടെത്താൻ സാധിക്കും. അവരുമായി സഹകരിക്കുക. നമ്മുടെ എല്ലാ പ്രശ്നങ്ങളും സംസാരിച്ചാൽ തീരാവുന്നതെ ഉള്ളൂ. നമ്മുടെ ഒരാവശ്യത്തിന് നമ്മോടൊപ്പം ഇല്ലാത്തവർ യഥാർത്ഥ സുഹൃത്തുക്കളല്ല. ഒരു നല്ല സുഹൃത്തെങ്കിലും ഇല്ലാത്ത ഒരാൾ പോലും കാണില്ല. ആ സുഹൃത്ത് ആർ വേണമെങ്കിലും ആകാം. അമ്മയാകാം, അച്ഛനാകാം, അധ്യാപകരാകാം, സഹപാഠികളാകാം.... നമ്മുടെ പ്രശ്നങ്ങൾ അവരോട് പറയാം. മനസ്സിന്റെ ഭാരം ഒഴിവാക്കാം.

4)മൊബൈൽ അഡിക്ഷൻ.
ഈ കാലഘട്ടത്തിൽ ആത്മഹത്യയുടെ ഏറ്റവും വലിയ കാരണം മൊബൈൽ അഡിക്ഷൻ ആണ്.  മൊബൈൽ നമുക്ക് അത്വശ്യമാണ്. വിജ്ഞാനത്തിനും വിനോദത്തിനുമുള്ള ഒരു ഉപാധിയാണ് സ്മാർട്ട് ഫോണുകൾ. പക്ഷേ അതിനൊരു നിയന്ത്രണം ആവശ്യമാണ്. രാത്രി രണ്ടു മണി, മൂന്നു മണി വരെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുണ്ട്. ഇവരുടെ പ്രധാന പ്രശ്നം ഫോണുപയോഗിക്കുന്നതിൽ നിന്നല്ല ഉണ്ടാകുന്നത്, മറിച്ച് ഉറക്കമില്ലായ്മയിൽ നിന്നാണ്. അതിനു കാരണമാകട്ടെ ഫോൺ. സാമാന്യ ബോധത്തോടെ ഒരു വ്യക്തി പ്രവർത്തിക്കണമെങ്കിൽ അയാൾ ദിവസം ഏഴു മണിക്കൂർ ഉറങ്ങിയിരിക്കണം.
ബ്ലൂ വെയിൽ പോലെയുള്ള ഗെയിമുകളും സൈബർ ആക്രമണവുമൊക്കെ രൂക്ഷമാണ്. അതിനൊന്നും ഇരയാവാതെ സൂക്ഷിക്കുക. ക്രൂരകൃത്യങ്ങൾ അടങ്ങുന്ന ചിത്രങ്ങളും വീഡിയോകളും ഒഴിവാക്കുക.

നമ്മൾ നേരിടുന്ന ദൈനംദിന പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തെ ബാധിക്കാതിരിക്കട്ടെ. കൺഫൂഷ്യസ് ഒരിക്കൽ പറഞ്ഞു, "ജീവിതത്തിൽ ഒരിക്കലും വീഴാതിരുന്നു എന്നതിനേക്കാൾ നിങ്ങൾക്ക് അഭിമാനിക്കാൻ കഴിയുന്നത്, വീണപ്പോഴൊക്കെ നിങ്ങൾ എണീറ്റു എന്നതോർത്തായിരിക്കും."


ഞാൻ കേവലം ഇരുപത് വയസ്സുള്ള ഒരു വിദ്യാർത്ഥിയാണ്. എന്റെ ബ്ലോഗുകൾ പത്തു വയസ്സുള്ള കുട്ടികൾ മുതൽ അമ്പതു വയസ്സ് വരെ ഉള്ളവർ വായിക്കുന്നുണ്ട് എന്നെനിക്കറിയാം. നിങ്ങൾക്കറിയുന്നതിന്റെ നൂറിലൊന്നു പോലും എനിക്കറിയില്ല. എന്റെ ചെറിയ അറിവിലുള്ള ഏതാനും കാര്യങ്ങൾ ആണ് മുകളിൽ  ചേർത്തിരിക്കുന്നത്. അത് കൂടാതെ ഉള്ളവ കമെന്റ് ചെയ്യാവുന്നതാണ്.
References:
ഫാ. ജോസഫ് കുമ്പുക്കൽ, "വീണിട്ടും എഴുന്നേറ്റവർ" , വിമല ബുക്സ്
ചിത്രങ്ങൾക്ക് കടപ്പാട്: ഇന്റർനെറ്റ്

A Wall in Madras