അർത്ഥശൂന്യമെന്നു പറയുന്നുണ്ടല്ലേ,
ഈ കൽഭിത്തിയിൽ കോറിവച്ചിരിക്കുന്ന സ്വപ്നങ്ങളെ.
സത്യം തന്നെ.
ഇതിനർത്ഥം കണ്ടെത്താൻ നിനക്കാവില്ല. കാരണം
നീയതു വരയ്ക്കുവാൻ കല്ലു ശേഖരിച്ചിട്ടില്ല.
ഇതിനു വർണ്ണങ്ങൾ നൽകിയതുമില്ല.
എങ്കിലും ഇതു വ്യാഖ്യാനിച്ചവർ നിരവധിയുണ്ട്.
ഈ പ്രകൃതിയും അതിന്റെ ശീലങ്ങളുമെന്നൊരു കൂട്ടം പറയുന്നു.
അതു ഞാൻ അംഗീകരിക്കുന്നു.
ഒരു കപട പ്രണയവും അതിന്നോർമകളും എന്നൊരു കൂട്ടം.
നിരസിക്കുന്നില്ല.
എന്നാൽ,
നിറം മങ്ങിപ്പോയവൻ നിറം തേടിയിറങ്ങിയപ്പോൾ
നിറമില്ലാതവൻ കണ്ട കാഴ്ചകളാണവ.
കരിങ്കല്ലും പഴച്ചാറും സമാസമം ചേർത്ത്
ഞാൻ നിറം പിടിപ്പിച്ച,
കേവലം അർത്ഥശൂന്യമായൊരു ഗുഹാചിത്രം.
വന്നു കണ്ടാലും ഈ പ്രാകൃതന്റെ സൃഷ്ടിയെ..