Thursday, 31 October 2019

ട്രക്ക്

പൊലീസിന് കേസ് തെളിയിക്കാൻ സാധിക്കാത്തതിനാൽ അഭിജിത്ത്, സുദേവൻ, ഡാനിയേൽ, ഫിറോസ് എന്നിവരുടെ കൊലപാതകക്കേസ് സിബിഐയ്ക്കു കൈമാറി. സഹോദരിയെ നിയമവിരുദ്ധമായി സംരക്ഷിക്കാൻ ശ്രമിച്ചു എന്നതു കൊണ്ട് മിഥ്യയെ സംശയാസ്പദമായി അനിശ്ചിതകാലത്തേക്കു സസ്പെൻഡ് ചെയ്തു. അങ്ങനെയിരിക്കെ ഹരിയുടെ സർക്കിളിൽ ഒരു ട്രക്ക് കണ്ടെത്തി. പതിനഞ്ചു ശവങ്ങൾ അടുക്കിയിട്ടിരുന്ന, ചെളിപുരണ്ട, ഉപേക്ഷിക്കപ്പെട്ട ഒരു ട്രക്ക്. അതിന്റെ പിന്നിലുള്ളവരെ  കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം അനിതയിൽ ഭരമേല്പിക്കപ്പെട്ടു.

കേസ് മറ്റേതെങ്കിലും വിഭാഗത്തിനു കൈമാറാൻ പൊലീസുകാരുടെ അഭിമാനം സമ്മതിച്ചില്ല. ഇതു കൂടെ തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അനിതയുടെ പരാജയകഥകൾക്ക് ഒന്നുകൂടെ മാറ്റുകൂടും. ഒരു പെണ്ണ് അന്വേഷിക്കുന്നതുകൊണ്ടാണിങ്ങനെ എന്നെല്ലാവരും കുറ്റപ്പെടുത്തും. അത് തനിക്കു മാത്രമല്ല എല്ലാ സ്ത്രീകൾക്കും അപമാനമായി മാറും. എന്തു ചെയ്യണമെന്നറിയാതെ കൈ തലയിൽ വച്ചുകൊണ്ടിരുന്നപ്പോഴാണ് ഹരിയുടെ ചോദ്യം അവളുടെ ചിന്തകളെ മുറിച്ചു മാറ്റിയത്.
"മിഥ്യയുടെ സസ്പെൻഷൻ പിൻവലിക്കാൻ എന്തെങ്കിലും സാധ്യത ഉണ്ടോ? "
"എന്തിനാ അതൊക്കെ? രണ്ട് കേസ് ഞങ്ങൾ ഒന്നിച്ചന്വേഷിച്ചു. രണ്ടിന്റെയും അവസ്ഥ ഹരിക്കറിയാം. ഇനി ഇതു കൂടെ അതുപോലെ ആകുകയാണെങ്കിൽ എല്ലാവർക്കും ജോലി കളഞ്ഞു വീട്ടിലിരിക്കാം."
"അതല്ല. മിഥ്യയുടെ അന്വേഷണ രീതി ഒരുപാട് ഡിഫറന്റാണ്. നമ്മുടെ രീതിയല്ലത്. രണ്ടു കേസിലെയും പ്രതികളെ കണ്ടുപിടിച്ചതവളല്ലേ! തെളിവില്ലാതിരുന്നതുകൊണ്ടല്ലേ അന്നത് കോടതിയിൽ തോറ്റുപോയത്? അവൾ തിരിച്ചു വന്നാൽ എന്തെങ്കിലും പ്രോഗ്രസ്സുണ്ടാകും. ഞാനുറപ്പു തരാം."
"ഞാനൊന്നു ശ്രമിച്ചു നോക്കാം."
മിഥ്യയെ തിരികെ കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടു.'അവൾ അന്വേഷിക്കട്ടെ. അതിനു ശേഷം സസ്പെൻഷൻ പിൻവലിക്കണോ എന്ന കാര്യം തീരുമാനിക്കാം' എന്നായിരുന്നു പ്രതികരണം. അങ്ങനെ മിഥ്യ ഔദ്യോഗിക ഭാരങ്ങളൊന്നുമില്ലാതെ ആ അന്വേഷണത്തിന്റെ ഭാഗമായി.

തുടരും

Tuesday, 22 October 2019

മാ നിഷാദ

ആ സ്നേഹം അതേപോലെ എന്നിലേക്കു വരണമെങ്കിൽ അവൾ ഇല്ലാതെയാവണം എന്നൊരു തോന്നൽ എന്നിൽ ദിനംപ്രതി വർധിച്ചു വന്നു. പലപ്പോഴും അവളെ കൊല്ലണം എന്ന ലക്ഷ്യത്തോടെ പേന എടുക്കുമായിരുന്നു. പക്ഷേ സഞ്ജയ് തന്റെ ജീവനെപ്പോലെയാണ് കൃഷ്ണയെ സ്നേഹിക്കുന്നത് എന്നു തോന്നി. അവൾ ഇല്ലാതെയായാൽ, അതിന് കാരണക്കാരി ഞാനാണെന്നറിഞ്ഞാൽ, അവൻ എന്നെ ഒരിക്കലും സ്നേഹിക്കില്ല. അവൾ ജീവനോടെയുണ്ടെങ്കിൽ എനിക്കു മന:സമാധാനവുമില്ല.
ഒടുവിൽ 'തേപ്പ്' എന്ന മനോഹരമായ ആ കല നടപ്പിലാക്കാൻ ഞാൻ തീരുമാനിച്ചു.
പക്ഷേ ആദ്യം തീരുമാനിച്ചതുപോലെ ആയിരുന്നില്ല. കൃഷ്ണയെ ഒരു 'തേപ്പുകാരി'യായി ചിത്രീകരിക്കില്ല എന്നു വാശി പിടിച്ച ഞാൻ ഒടുവിൽ എന്താണ് ചെയ്തത്? ഞാൻ ഒരല്പം സ്വാർത്ഥയല്ലേ?
എന്നിരുന്നാലും ആ കഥ പൂർത്തിയാക്കാൻ ഞാൻ തീരുമാനിച്ചു. കൃഷ്ണ ഉപേക്ഷിച്ച് പോകുമ്പോൾ സഞ്ജയ് കുറച്ചുനാൾ വിഷമത്തിലാകുന്നു. പിന്നീട് തന്റെ ജോലിത്തിരക്കുകൾക്കിടയിൽ അവളുടെ ഓർമ്മകൾക്കു സ്ഥാനമില്ലാതാകുന്നു.അങ്ങനെ കഥ പൂർത്തിയായി. അന്നു ഞാൻ സുഖമായുറങ്ങി.
അടുത്ത ദിവസം ഞാനെന്റെ പ്രസാധകർക്ക് അതിന്റെ ഒരു കോപ്പി മെയിൽ ചെയ്തു.  മൂന്നു നാലു ദിവസങ്ങൾക്കു ശേഷം അവർ എന്നെ വിളിച്ചു. തുടക്കത്തിൽ വളരെ ശാന്തമായിട്ടാണ് അവരെന്നോട് സംസാരിച്ചത്. പിന്നീട് ശബ്ദം കടുത്തു.
"ഇങ്ങനെ ഒരു കഥയല്ലല്ലോ എഴുതാം എന്നു പറഞ്ഞത്."
"എനിക്കു കഥ മാറ്റണമെന്നു തോന്നി. ഞാൻ മാറ്റി."
"ഈ കഥ പബ്ലിഷ് ചെയ്താൽ ആരു വായിക്കും? ഇതിന് എന്തു മാർക്കറ്റുണ്ടാവും? ഇങ്ങനെയൊരു കഥയ്ക്ക് എവിടെയാണ് ഡിമാന്റ് ഉള്ളത്?"
"ഞാൻ വേറെ ഏതെങ്കിലും പബ്ലിഷിങ് കമ്പനിക്കു കൊടുത്തോളാം. നിങ്ങളുടെ സഹായം ആവശ്യമില്ല."
"അതൊന്നും നടക്കില്ല മാഡം. അന്നു കോണ്ട്രാക്ട് സൈൻ ചെയ്തതോർമ്മയുണ്ടോ? ആറു മാസത്തിനുളളിൽ ഞങ്ങൾക്കു പുതിയ നോവൽ തരാമെന്നാണ് അതിലുള്ളത്. ഇത് ഞങ്ങൾ പബ്ലിഷ് ചെയ്യില്ല. രണ്ടാഴ്ച കൂടെ സമയമുണ്ട്. അതിനുള്ളിൽ അത് കിട്ടിയിരിക്കണം."
അങ്ങനെ എനിക്കു മനസ്സിലാകാത്ത കുറേ നിയമങ്ങൾ അവർ പറഞ്ഞു, കഥ ഞാൻ തിരുത്തിയെഴുതിയേ മതിയാവൂ.

ഞാനെന്നെത്തന്നെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു അതു വെറും കഥയാണെന്ന്. കയീനും കൃഷ്ണയും എന്റെ സൃഷ്ടികളാണെന്ന്. ഇതു വെറും തോന്നൽ മാത്രമാണെന്ന് ഞാൻ വീണ്ടും വീണ്ടും എന്റെ മനസ്സിനോട് പറഞ്ഞു കൊണ്ടേയിരുന്നു.
ഒടുവിൽ അവരുടെ ഇഷ്ടത്തിനനുസരിച്ച് ആ കഥ ഞാൻ പൂർത്തിയാക്കി. ചങ്ങല വളകളണിഞ്ഞ കൈകൾ കൊണ്ട്.

എല്ലാം എന്റെ തെറ്റാണ്. കേവലം ലാഭത്തിനുവേണ്ടി ക്രിയാത്മകഥയെ വിൽക്കുന്നവർക്ക് വേണ്ടി ഞാനെഴുതരുതായിരുന്നു.  ആത്മാവിന്റെ പകർത്തിയെഴുതലാണ് കല. പക്ഷേ എല്ലാം കച്ചവടമായിപ്പോയി. പറയേണ്ടിയിരിക്കുന്നു. അരുതു കാട്ടാളാ. കൊല്ലരുത്. ആരുടെയൊക്കെയോ മനസ്സിൽ അക്ഷരങ്ങളുടെ നിറമുള്ള പക്ഷികളുണ്ട്. കച്ചവടത്തിന്റെ വിഷം നിറഞ്ഞ അമ്പുകൾ കൊണ്ട് അവയെ കൊല്ലരുത്...

                                   അവസാനിച്ചു.

നന്ദി:
ദൈവത്തിനു, മാതാപിതാക്കൾക്ക്, സഹോദരങ്ങൾക്, പ്രോത്സാഹിപ്പിക്കുന്ന കോളേജ് സുഹൃത്തുക്കൾക്ക്, ട്വിറ്ററിലെ സുഹൃത്തുക്കൾക്ക്, ഞാൻ പോലുമറിയാതെ വായിച്ചു പോകുന്ന നിങ്ങൾക്ക്, പിന്നെ എപ്പോഴോ ഈ കഥയുടെ പ്രചോദനമായവർക്ക്.

Wednesday, 16 October 2019

മാ നിഷാദ

എഴുതിയ ഭാഗങ്ങൾ വീണ്ടും വീണ്ടും വായിക്കുന്നത് ഒരു പതിവായി. എന്തിനാണ് അങ്ങനെ എഴുതിയത് എന്ന സംശയം എന്നെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. പക്ഷേ എപ്പോഴോ ഞാനതിന്റെ ബാക്കി എഴുതിത്തുടങ്ങി. വീണ്ടും പറയട്ടെ ഒന്നും മനപൂർവം ആയിരുന്നില്ല.
[ അടുത്ത ദിവസം രാവിലെ അവൾ വീണ്ടും ഫോൺ എടുത്തു നോക്കി. പക്ഷേ കയീന്റെ മെസ്സേജ് ഒന്നുമുണ്ടായിരുന്നില്ല. ബസിലിരുന്ന് അവൾ ആലോചിച്ചതു മുഴുവൻ അവനെക്കുറിച്ചായിരുന്നു. അയാൾ ആരാണ്? അവളുടെ അക്കൌണ്ട് എന്തിന്, എങ്ങനെ അയാൾ കണ്ടുപിടിച്ചു? എന്തിനു തനിക്കു മെസ്സേജ് അയച്ചു? ഇങ്ങനെയുള്ള ചോദ്യങ്ങളായിരുന്നു അവളുടെ മനസ്സു നിറയെ. എല്ലാത്തിനും ഇന്നൊരു മറുപടി കണ്ടെത്തണം.

സെന്റ് ജോസഫ്സ് ടെക്സ്റ്റയിൽസിനു മുന്നിലുളള സ്റ്റോപ്പിൽ അവളിറങ്ങി. അവിടെയുണ്ടായിരുന്ന എല്ലാ മുഖങ്ങളിലും കണ്ണോടിച്ചു. പക്ഷേ അവളുടെ കാഴ്ചപ്പാടിലുള്ള കയീനെയോ, സഞ്ജയെയോ അവൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.
രാവിലെ വലിയ തിരക്കില്ലായിരുന്നു. അവൾ ഫോണെടുത്തു സഞ്ജയ്ക്കു മെസ്സേജ് അയയ്ക്കാൻ തുടങ്ങി.
            "ആരാണെന്നു പറയൂ പ്ലീസ്.   
             മനസ്സിലാവുന്നില്ല."
"കണ്ടുപിടിക്ക്"
            "പറഞ്ഞില്ലെങ്കിൽ ഞാനിനി ചാറ്റ്
             ചെയ്യത്തില്ല."
"നേരെ കാണുന്ന സ്റ്റുഡിയോയിലേക്കു നോക്ക്. ഞാനവിടെയുണ്ട്."

അവൾ നോക്കിയപ്പോൾ അവൻ കയ്യെടുത്തു കാണിച്ചു. അവൾ വീണ്ടും മെസ്സഞ്ജർ ഓപൺ ചെയ്തു.
             "നിന്റെ പേര് സഞ്ജയ്
              എന്നായിരുന്നോ?"
"അതെന്താ എനിക്കു സഞ്ജയ് എന്നു
പേരു വരാൻ പാടില്ലേ?"

അങ്ങനെ ആ മെസ്സേജിങ് നീണ്ടു നീണ്ടു പോയി.
അവൻ അവളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. അവരുടെ സൌഹൃദം പ്രണയമായി മാറി. അവർ പോലുമറിയാതെ.]

പക്ഷേ പ്രണയിച്ചത് കൃഷ്ണയും സഞ്ജയുമായിരുന്നില്ല. ഞാനും കയീനുമായിരുന്നു. ആ കഥാപാത്രം എന്നെ വല്ലാതെ സ്വാധീനിക്കുന്നുണ്ടായിരുന്നു. ഞാൻ പോലുമറിയാതെ എനിക്കുള്ളിൽ എന്തൊക്കെയോ നടക്കുന്നുണ്ടായിരുന്നു. അവനെ എന്റേതു മാത്രമാക്കണമെന്നൊരു തോന്നൽ എന്നിൽ നിഴലിച്ചു. അതിന് അവളെ കൊല്ലേണ്ടത് ആവശ്യമായിരുന്നു. തീരുമാനിച്ച കഥയിൽ നിന്നും ഒരുപാട് ദൂരെ.
                           തുടരും..

Wednesday, 9 October 2019

മാ നിഷാദ

[ അവൾക്കു പെട്ടെന്ന് ഒരു സംശയം. സ്കൂളിലോ കോളജിലോ തന്റെ കൂടെ പഠിച്ച ആരെങ്കിലും? അകന്ന ബന്ധുക്കൾ ആരെങ്കിലും? അനോണിമസ് അക്കൌണ്ടുകളുടെ കാലഘട്ടം അല്ലേ! അങ്ങനെ ആരെങ്കിലും ആണോ എന്ന് സംശയിച്ച് അവൾ ഒരു മെസ്സേജ് അയച്ചു.
         "യഥാർത്ഥ പേര് ഇത് തന്നെയാണോ?"
അപ്പോൾ തന്നെ മറുപടിയും വന്നു.
"അല്ല. സഞ്ജയ് എന്നാണ്"
             "പിന്നെന്താ ഇങ്ങനെ ഒരു പേര്?"
"ഈ ക്യാരക്റ്റർ ഒരുപാട് ഇഷ്ടമാണ്. ജീവിതവും അതുപോലെ തന്നെ നല്ല കഷ്ടപ്പാടാണ്."
             "എന്നെ എങ്ങനെ അറിയാം?"
"അതൊക്കെ അറിയാം"
               "പറയ്. പ്ലീസ്.  എനിക്കൊരു
      .         പിടിയും കിട്ടുന്നില്ല."
"ഒന്നോർത്തു നോക്ക്."
              "എന്നെ തന്നെയാണോ? ആളു
               മാറിപ്പോയില്ലല്ലോ!"
"സെന്റ് മേരീസിലല്ലേ ജോലി?"
              "അതേ! എങ്ങനെ അറിയാം?"
"നമ്മൾ ഒരു സ്റ്റോപ്പിലാണ് ഇറങ്ങുന്നത്"
             "അവിടെ ഒരുപാട് പേരിറങ്ങുന്നുണ്ട്.
             അതിലാരാണെന്നു വിചാരിക്കണം?
              പറയ്. പ്ലീസ്"
"നാളെ നേരിട്ടു കാണാം. അപ്പോൾ പറ്റുമെങ്കിൽ കണ്ടുപിടിക്ക്."
               "ഓക്കെ"
"ഗുഡ് നൈറ്റ്"
               "ഗുഡ് നൈറ്റ്"]
    
ഇത്രയും എഴുതിയത് യാന്ത്രികമായിട്ടായിരുന്നു.എഴുതിക്കഴിഞ്ഞ് ഞാനത് വായിച്ചു നോക്കി. ഞാനെഴുതാൻ ഉദ്ദേശിച്ച കഥയിൽ നിന്നും ഒരുപാട് ദൂരം എനിക്ക് അനുഭവപ്പെട്ടു. ഇന്റർനെറ്റിലൂടെ മാത്രം അടുപ്പമുള്ള രണ്ടു പേരായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്. ഇപ്പോളതു വളരെ അടുത്തു ജോലി ചെയ്യുന്നവരായി മാറി. മനപ്പൂർവമല്ല. അങ്ങനെ സംഭവിച്ചു പോയതാണ്. അതുപോലെ എത്രയെത്ര മാറ്റങ്ങൾ...
അവസാനം പ്ലാൻ ചെയ്ത കഥയും ഞാൻ എഴുതിയ കഥയും തമ്മിൽ യാതൊരു ബന്ധവുമില്ലാതെയായി.

NB:-1)വായിക്കേണ്ട രീതി.
സ്ക്വയർ ബ്രാക്കറ്റിൽ [ ] ഉള്ളത് 'വിരലുകൾ' എന്ന സാങ്കല്പിക നോവലിലെ പ്രസക്ത ഭാഗങ്ങൾ .
2) കഥാപാത്രങ്ങൾ സാങ്കല്പികം മാത്രം.

Wednesday, 2 October 2019

മാ നിഷാദ

കഥയ്ക്ക് ഒരു ഏകദേശരൂപം മനസ്സിൽ പതിഞ്ഞപ്പോൾ തന്നെ എഴുതിത്തുടങ്ങി.
വിരലുകൾ.
[ അവളുടെ വിരലുകൾ സ്ക്രീനിൽ ഓടി നടക്കുകയാണ്. പെട്ടെന്നാണ് മെസ്സേജ് ബോക്സിലെ ഒരു നോട്ടിഫിക്കേഷൻ അവളുടെ ശ്രദ്ധയിൽ പെട്ടത്. കയീൻ എന്ന ഒരാളാണ് മെസ്സേജ് അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അയാളുടെ റിക്വസ്റ്റ് അവൾ അക്സപ്റ്റ് ചെയ്തത്. സാധാരണ അവൾക്ക് പരിചയമുള്ളവരുടെ റിക്വസ്റ്റ് മാത്രമേ അവൾ അക്സപ്റ്റ് ചെയ്യാറുള്ളൂ. പക്ഷേ ആ പേരിലെ വത്യസ്തത. അതു അവളെ അയാളിലേക്ക് അടുപ്പിച്ചു. എന്തായാലും മെസ്സേജ് ഒന്നും അയക്കില്ല എന്ന് അവൾ നിശ്ചയിച്ചുറപ്പിച്ചിരുന്നു. ഇപ്പോളിതാ അയാൾ ഇങ്ങോട്ടു മെസ്സേജ് അയച്ചിരിക്കുന്നു. അവൾ ആ മെസ്സേജ് ഓപ്പൺ ചെയ്തു നോക്കി.
ഒരുവിധം എല്ലാ ചാറ്റുകൾക്കും തുടക്കമിടുന്ന ആ വാക്ക്.
Hi.
അവൾ അതിനു മറുപടിയൊന്നും കൊടുത്തില്ല. ചില പോസ്റ്റുകളിലേക്ക് കണ്ണോടിച്ച്, ചിലതിനു ലൈക്കു ചെയ്തു, ചിലതു ഷെയർ ചെയ്തു. ചിലതിനു കമന്റു ചെയ്തു. ചിലതു കണ്ടില്ല എന്നു നടിച്ചു സ്ക്രോൾ ചെയ്തു പോയി.

രാവിലെ അവളുടെ ഫോൺ തന്നെ അവളെ വിളിച്ചെഴുന്നേൽപ്പിച്ചു. അലാറം ഓഫ് ചെയ്തതിനു ശേഷം അവൾ ഡേറ്റ ഓൺ ചെയ്തു. വല്ല നോട്ടിഫിക്കേഷനുമുണ്ടോ ആരെങ്കിലും മെസ്സേജ് അയച്ചിട്ടുണ്ടോ എന്നൊക്കെ അവൾ നോക്കി. അക്കൂട്ടത്തിൽ ഒരു മെസ്സേജ് കയീന്റേതായിരുന്നു.
"എന്താ റിപ്ലൈ ഒന്നുമില്ലാത്തത്.
ചാറ്റിങ് ഇഷ്ടമല്ലേ?"
'ഞാൻ എനിക്കിഷ്ടമുള്ളവരോട് ചാറ്റ് ചെയ്യും. അത് നിങ്ങളറിയണ്ട കാര്യമല്ല.' എന്നു പറയണമെന്നവൾക്കുണ്ടായിരുന്നു. പക്ഷേ തത്കാലം അതു വേണ്ട എന്നു വച്ചു. ഇനി മെസ്സേജ് അയച്ചാൽ ബ്ലോക്ക് ചെയ്യും എന്നവൾ തീരുമാനിച്ചു.  പിന്നീടെപ്പോഴോ ഫോൺ എടുത്തപ്പോൾ അയാളുടെ അടുത്ത മെസ്സേജ്.
"എനിക്ക് നിങ്ങളെ നേരിട്ടറിയാം.
ഞാൻ കണ്ടിട്ടുണ്ട്. "]

                                     തുടരും..

A Wall in Madras