അപമാനിക്കപ്പെട്ടു.
ഇതാദ്യമായല്ല ഇങ്ങനെ.
എന്റെ കുറ്റങ്ങളും കുറവുകളും എന്നോട് പറഞ്ഞാൽ പോരെ. എന്തിനാണ് എല്ലാവരുടെയും മുൻപിൽ വച്ച് അങ്ങനെയൊക്കെ പറഞ്ഞത്. ഇത്തവണ പറയുക മാത്രമല്ല അടിക്കുകയും ചെയ്തു. അവിടെ കൂടി നിന്ന എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു. ചിലരുടെ പുച്ഛം, ദയനീയത, കാരുണ്യം, എന്താണ് എന്ന് പോലും അറിയാതെ ചിലരുടെ തുറിച്ചുനോട്ടം.
പലഭാവങ്ങൾ മിന്നി മറഞ്ഞു പോകുന്നു. പലരുടെയും കണ്ണുകൾ മാത്രമായി ഓർമയിൽ. മതിയായി. ഇനിയും വയ്യ. എല്ലാം അവസാനിപ്പിക്കുകയാണ്. അവസാന നിമിഷം. മുറിയിൽ കയറി. വാതിൽ അടച്ചു. കയ്യിൽ കിട്ടിയത് പെൻസിൽ വെട്ടാൻ വച്ചിരുന്ന ബ്ലെയ്ഡ് ആണ്. പതിയെ പതിയെ ഞാൻ എൻ്റെ കയ്യുടെ അടുത്തേക്ക് അത് കൊണ്ട് വന്നു. കണ്ണുകളടച്ചു. ശ്വാസം പതിയെ ഉള്ളിലേക്ക് എടുത്തു. ഹാളിലെ ടിവിയിൽ നിന്ന് "ആൾ തൊട്ട ഭൂപതി" പാട്ട് കേൾക്കുന്നുണ്ടായിരുന്നു. ചാവാൻ പോകുന്നതിന് മുൻപ് അത് കേട്ടിട്ട് പോകാം എന്ന് കരുതി. അപ്പോഴേക്കും ആരോ ടിവി ഓഫാക്കിയിരുന്നു. പിന്നെ ഫോണെടുത്ത് യൂട്യൂബിൽ ആ പാട്ട് പ്ലേ ചെയ്തു. അതുകഴിഞ്ഞ് അടുത്തത്. അതുകഴിഞ്ഞ് അടുത്തത്. അങ്ങനെ അങ്ങനെ. സമയം പോയത് അറിഞ്ഞില്ല. എപ്പോഴോ അത് മടുത്തപ്പോഴേക്കും എൻ്റെ മരണച്ചിന്തകൾ പറന്നു പോയിരുന്നു.
ആ ഒരു നിമിഷം ഞാൻ അതിജീവിച്ചിരുന്നില്ലെങ്കിൽ ഈ കഥ പറയാൻ ഞാൻ ഉണ്ടാവുമായിരുന്നില്ല.