Thursday, 23 May 2019

പേപ്പർ

അനിത കുറച്ചു സമയം ഒരത്ഭുതലോകത്തായി മാറി.
"ഹലോ,  കേൾക്കുന്നില്ലേ.."
"ആ.. ഏതു ഹോസ്പിറ്റലിൽ ആണ്"
"ഗവൺമെന്റ് ഹോസ്പിറ്റലിൽ ആണ്.
"ഓകെ."
ഹരി, "എന്തെങ്കിലും പ്രശ്നം ഉണ്ടോ?"
"ഇത്രയും സമയം നമുക്കൊപ്പം ഉണ്ടായിരുന്നത് മായ ആയിരുന്നു. മിഥ്യയ്ക്ക് രാവിലെ ആക്സിഡന്റ് ആയി."
ഹരി പെട്ടെന്ന് മായയെ അന്വേഷിച്ച് ഇറങ്ങിയോടി. പക്ഷേ അപ്പോഴേയ്ക്കും അവളെങ്ങോട്ടേയ്ക്കോ പോയിരുന്നു. ഹരി തിരികെ വന്ന് അനിതയോട്, "മിഥ്യയ്ക്ക് ആക്സിഡന്റ് ആയത് മായ കാരണമായിരിക്കും.ഹോസ്പിറ്റലിൽ പോയി മിഥ്യയെ ഒന്നു കാണാം. മാത്രമല്ല വണ്ടി ഏതാണെന്നു മനസ്സിലായാൽ എന്തെങ്കിലും ഒരു വഴി ഉണ്ടാകും."
അവർ ആശുപത്രിയിൽ എത്തി മിഥ്യയെ കണ്ടു.
അനിത, "എന്താ ശരിക്കും സംഭവിച്ചത്?"
മിഥ്യ, "രാവിലെ സ്റ്റേഷനിൽ പോകാൻ തുടങ്ങിയതാണ്. പെട്ടെന്ന് ഒരു വണ്ടി പിന്നിൽ നിന്നു വന്നിടിക്കുകയായിരുന്നു."
"ഏതു വണ്ടി ആണെന്നറിയുമോ?"
"ഇല്ല. അപ്പോഴേയ്ക്കും എന്റെ ബോധം പോയി. പിന്നെ ആ സജ്ഞയ് ആണ് എന്നെ ഇവിടെ കൊണ്ടു വന്നത്."
ഹരി, "ഏത് സജ്ഞയ്?"
മിഥ്യ, "മായയുടെ കേസിൽ നമ്മൾ അറസ്റ്റ് ചെയ്തില്ലേ? അവൻ ആ കേസുമായി ബന്ധമുള്ള ഒരുപാട് കാര്യങ്ങൾ എന്നോട്  പറഞ്ഞു.കുറച്ചു മുൻപാണ് പോയത്"
"അവൻ എന്തൊക്കെ പറഞ്ഞു?"
"അവർ രണ്ടു പേരും നിരപരാധികൾ ആയിരുന്നുവത്രേ. കേസിൽ അവരെ വെറുതെ വിട്ടെങ്കിലും അവർക്കിവിടെ ജോലി ചെയ്യാൻ സാധിച്ചിരുന്നില്ല.അതുകൊണ്ട് സജ്ഞയും രാഹുലും ബാംഗ്ലൂര് പോയി. അവൻ ഇവിടെ ഒരു മരണത്തിന് വന്നതാണ്."
അനിത, "അതു നോക്കേണ്ട. മായ വീട്ടിലുണ്ടോ?"
മിഥ്യ, "ഇല്ല! എന്തേ?"
"മായ ഇന്ന് ഓഫീസിൽ വന്നിരുന്നു."
"എന്തിന്?"
"നീയാണെന്ന രീതിയിൽ. അവളിറങ്ങിയതിനു ശേഷമാണ് നിന്റെ ഫോൺ വന്നത്. "
"അവളെന്തെങ്കിലും പറഞ്ഞോ?"
"കേസ് അവസാനിപ്പിക്കണം എന്നുള്ള രീതിയിലാണ് സംസാരിച്ചത്."
"നമുക്ക് കഴിയുന്നതു വരെ അന്വേഷിക്കണം. അവളായിരിക്കും ഇതെല്ലാം ചെയ്യുന്നത്."
ഹരി ചോദിച്ചു, "സജ്ഞയ് ആണോ വണ്ടിയിടിച്ചത്?"
മിഥ്യ, "അല്ല ഒരു റെഡ് കളർ കാറായിരുന്നു. അത് നിർത്താതെ പോയി."
"അയാളെവിടെയാണ് താമസിക്കുന്നതെന്നു പറഞ്ഞോ?"
"ഇല്ല. പക്ഷേ ഒരു ഫോൺ നമ്പർ തന്നു."
"അവനോട് പെട്ടെന്ന് വരാൻ പറയ്"
മിഥ്യ അങ്ങനെ ചെയ്തു.
അനിത, "ഹരി, ഈ നമ്പറിന്റെ 24, 28, 1  ദിവസങ്ങളിലെ ലൊക്കേഷൻ ഒന്നു ചെക്കു ചെയ്യണം."
അഞ്ചു മിനുറ്റ് കഴിഞ്ഞപ്പോൾ സജ്ഞയ് അകത്തേക്കു വന്നു.
അനിത, "നിങ്ങൾ എന്നാണ് നാട്ടിൽ വന്നത്?"
"26ന് രാവിലെ"
"രാഹുൽ എന്തു ചെയ്യുന്നു?"
"അവനും ഞാനും ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ. ജോലി ചെയ്യുന്നു."
"ഇവിടെ ചടങ്ങുകൾ എല്ലാം കഴിഞ്ഞോ?"
"ഇന്നലെ പതിനാറ് കഴിഞ്ഞു. നാളെ പോകണമെന്നാണ് വിചാരിക്കുന്നത്."
"ഈ നമ്പറിൽ വിളിച്ചാൽ കിട്ടില്ലേ?"
"കിട്ടും മാഡം."
"പൊയ്ക്കോളൂ"
10:30 PM
SP OFFICE
മിഥ്യയും, അനിതയും, ഹരിയും മാത്രം ചർച്ചയിൽ ആണ്.  പെട്ടെന്ന് സജ്ഞയ് അകത്തേക്കു വന്നു.
അനിത, "എന്താ സജ്ഞയ് ഈ സമയത്ത്? "
സജ്ഞയ് സംസാരിച്ചു തുടങ്ങി.
"തിരികെ പോകുന്നതിനു മുൻപ് നിങ്ങളോട് ചില കാര്യങ്ങൾ പറയണം എന്നു തോന്നി. രാവിലെ ഞാൻ അത് കുറച്ച് മിഥ്യയോട് പറഞ്ഞത് ആണ്."
"പറയൂ"
"ആറുമാസത്തിന് മുൻപ് നടന്ന ഒരു സംഭവമാണ് നമ്മുടെ പ്രധാന വിഷയം. 12/11/2018 രാത്രി എട്ടു മണിയോടടുത്ത സമയം. ജോലി കഴിഞ്ഞു വരികയായിരുന്ന ഏകദേശം ഇരുപത്തിയഞ്ചു വയസ്സുള്ള ഒരു യുവതി പീഡിപ്പിക്കപ്പെട്ടു. ചെയ്തത് അഭിജിത്ത് സുദേവൻ. ഒരേ ഒരു സാക്ഷി ഡാനിയേൽ. ഏകദേശം ഇരുപത്തിമൂന്നു വയസ്സുള്ള രണ്ടു ചെറുപ്പക്കാർ അവളെ എടുത്ത് ആശുപത്രിയിൽ കൊണ്ടു പോയി. എന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്നു പേടിച്ച് അവർ അവിടെ നിന്നു പോയി.ഒന്നു ഞാൻ മറ്റൊന്ന് രാഹുൽ. ആശുപത്രിക്കാർ പൊലീസിൽ വിവരമറിയിച്ചു. അത് കേസായി. ആ കേസ് ആദ്യം കൈകാര്യം ചെയ്തത് അവളുടെ സഹോദരി മിഥ്യ ആയിരുന്നു. കേസ് അഭിജിത്തിനെതിരെ തിരിയുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് അവന്റെ അച്ഛൻ സുദേവന്റെ രാഷ്ട്രീയ സ്വാധീനം മുതലെടുത്ത് കേസ് എസ്പിയ്ക്ക് കൈമാറി. പക്ഷേ കേസിന്റെ നിർദേശങ്ങൾ കൂടുതൽ നൽകിയിരുന്നത് ഫിറോസ് ആയിരുന്നു. അയാൾ കേസ് ഞങ്ങൾക്കെതിരെ തിരിച്ചു. ഡാനിയേൽ ഞങ്ങൾക്കെതിരെ സാക്ഷി പറഞ്ഞു. രണ്ട് ആഴ്ച ഞങ്ങൾ ജയിലിൽ കിടന്നു. അവസാനം മായ കാരണം ഞങ്ങൾ രക്ഷപ്പെട്ടു. പക്ഷേ ഞങ്ങളുടെ ഓഫീസിൽ, വീട്ടിൽ, സുഹൃത്തുക്കളുടെ ഇടയിൽ, അങ്ങനെ എല്ലാ സ്ഥലങ്ങളിലും ഞങ്ങൾക്ക് ഒരു വിലയും ഇല്ലാതായി. ഇവിടെ ജോലി ചെയ്യാൻ കഴിയുന്ന അവസ്ഥ അല്ലാതിരുന്നത് കൊണ്ടു ബാംഗ്ലൂരിൽ പോയി. ഇപ്പോൾ അവിടെ ജോലി ചെയ്യുന്നു."
ഹരി ഇടപെട്ടു, "നീ ഉച്ചയ്ക്ക് എന്താ പറഞ്ഞത്?  26നു വന്നു എന്നല്ലേ?"
"സത്യമാണ് സർ. ഞാൻ 26നാണ് വന്നത്. നിങ്ങളെന്നോട് ചോദിച്ചില്ലേ, എന്തിനു വന്നു, എപ്പോൾ വന്നു എന്നെല്ലാം. പക്ഷേ ആരാണ് മരിച്ചതെന്ന് മാത്രം ചോദിച്ചില്ല. ഫിറോസ് മരിച്ചു എന്നുറപ്പിക്കാൻ വേണ്ടിയാണ് ഞാൻ വന്നത്."
അനിത, "നിനക്കറിയുമോ ആരാണ് കൊന്നതെന്ന്?"
"അതൊക്കെ കണ്ടുപിടിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം അല്ലേ? ഞാൻ പറയാൻ വന്നത് അവസാനിച്ചിട്ടില്ല. അന്ന് കേസു കഴിഞ്ഞു രാഹുൽ അച്ഛനെയും അമ്മയെയും കൂട്ടി ബാംഗ്ലൂരിൽ പോയി. എന്റെ കൂടെ വരാൻ ആരുമുണ്ടായിരുന്നില്ല.ഞാൻ ജയിലിലായ വിഷമത്തിൽ എന്റെ അമ്മ ആത്മഹത്യ ചെയ്തു. പിന്നീട് ഞാനൊറ്റയ്ക്ക് ബാംഗ്ലൂരിൽ പോയി. പലപ്പോഴും ഇവരെയെല്ലാം കൊല്ലണമെന്ന് ഞാൻ വിചാരിച്ചു. പക്ഷേ അതിങ്ങനെ നീണ്ടുപോയി. അങ്ങനെയിരിക്കെയാണ് പത്രത്തിൽ ഫിറോസിന്റെ ഫോട്ടോ കണ്ടത്. ഞാൻ കൊല്ലണമെന്ന് വിചാരിച്ച ഒരുത്തനെ ഇങ്ങനെ കൊന്നത് ആരാണെന്ന് അറിയണമായിരുന്നു. അങ്ങനെ അയാളെ ഞാൻ കണ്ടു ഇന്നു രാവിലെ. തെളിവ് വല്ലതും ഉണ്ടെങ്കിൽ, എവിടെയാണെന്ന് കണ്ടെത്താൻ കഴിയുമെങ്കിൽ, അറസ്റ്റ് ചെയ്തോളൂ. അത് മായയാണ്.
പിന്നെ ഒരു കാര്യം എന്നെ രക്ഷിച്ച ഒരാൾക്ക് ഞാൻ ഒരിക്കലും  ദ്രോഹം ചെയ്യില്ല. ജീവൻ പോകുന്ന അവസ്ഥ ആണെങ്കിൽ പോലും"
06/04/2019
സുദേവന്റെ മൃതദേഹം രാവിലെ പൊലീസിനു ലഭിച്ചു.മറ്റുള്ളവയിൽ നിന്ന് ഒരൊറ്റ വ്യത്യാസം മാത്രം. അതിൽ ആരുടെയും വിരലടയാളം ഇല്ലായിരുന്നു. പേപ്പറിൽ ഇപ്രകാരം എഴുതിയിരുന്നു.
"Being a bad parent is a sign of not having learned from experience"
Mokokoma Mokhonoana
നാലഞ്ചു ദിവസം കൂടെ അവർ അന്വേഷിച്ചു. തെളിവുകളുമില്ല സാക്ഷികളുമില്ല.
CASE CLOSED
അവസാനിച്ചു


കഥാപാത്രങ്ങളുടെ പേരുകൾക്ക് നന്ദി: ആര്യ, ട്വിറ്റെർ സുഹൃത്തുക്കൾ

Wednesday, 22 May 2019

പേപ്പർ

"ഞാനല്ല മാഡം. ഞാനെന്തിനാണവരെ കൊല്ലുന്നത്? മാത്രമല്ല അഭിജിത്ത് ആണ് ഈ സ്ഥലം വാങ്ങാം എന്നു പറഞ്ഞത്. "
"അപ്പോൾ നിങ്ങളല്ല എന്നാണോ പറയുന്നത്? "
"അല്ല മാഡം."
"എന്തായാലും ഞങ്ങളോട് പറയാതെ ഇവിടെ നിന്നു പോകരുത്."
അനിതയും മിഥ്യയും അവിടെ നിന്നിറങ്ങി. അനിത, "അയാളാണ് ഇതെല്ലാം ചെയ്തതെന്ന് തോന്നുന്നുണ്ടോ?"
മിഥ്യ, "അറിയില്ല."
അഭിജിത്തിൻറെ വീട്.
അനിതയുടെ നിർദേശപ്രകാരം ഹരിയും രാജനും അവിടെ വന്നു. സുദേവൻ അവിടെ ഉണ്ടായിരുന്നു.
ഹരി,"നിങ്ങൾക്ക് ഫിറോസിനെ അറിയുമോ?"
സുദേവൻ, "അറിയും. എന്റെ വളരെ അടുത്ത ഒരു സുഹൃത്തായിരുന്നു."
"ഏതെങ്കിലും കേസുകളിൽ ഫിറോസ് സഹായിച്ചിട്ടുണ്ടോ?"
സുദേവൻ മിഥ്യയെ ഒന്നു നോക്കി. "ഇല്ല"
മിഥ്യ അവിടെ നിന്നിറങ്ങി പുറത്തു നിന്നു. മറ്റുള്ളവർ അഭിജിത്തിന്റെ മുറി പരിശോധിക്കുകയും സുദേവനോട് ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.
02/04/2019
രാവിലെ പൊലീസ് സ്റ്റേഷനിൽ നിന്നും മിഥ്യയ്ക്ക് ഒരു ഫോൺ വന്നു. ഡാനിയേൽ കൊല്ലപ്പെട്ടിരിക്കുന്നു.മിഥ്യ പെട്ടെന്ന് സംഭവസ്ഥലത്ത് എത്തി. പഴയത് പോലെ പേപ്പർ കിട്ടി,
" Speak the truth. People will forgive an honest mistake; they won't forgive you if you lie."
Mark Goulston.
മിഥ്യ നേരെ സ്റ്റേഷനിലേക്കു പോയി. ഹരിയും രാജനും 12 മണി ആയപ്പോഴേക്കും വന്നു. അന്നു മറ്റ് അന്വേഷണങ്ങളൊന്നും നടന്നില്ല. വൈകിട്ട് അവർ അറിഞ്ഞു, അടുത്ത ഇര സുദേവനാണെന്ന്. ഹരിയും മിഥ്യയും രാജനും സുദേവന്റെ വീട്ടിലേക്ക് പോയി. സുദേവന്റെയും അഭിജിത്തിന്റെയും മുറികൾ പരിശോധിച്ചു. പിന്നാലെ അനിതയും അവിടേക്ക് ചെന്നു. അവിടെ നിന്നും കേസിനു സഹായകമായ ഒരു തെളിവുകളും ലഭിച്ചില്ല. വിങ്സിൽ ചെന്നപ്പോൾ അവിടെയും നിരാശ മാത്രം. സുധിയെ നിരീക്ഷിക്കാൻ നിൽക്കുന്ന പൊലീസുകാരൻ അവിടെ അസ്വാഭാവികമായത് ഒന്നും കണ്ടില്ല.
തിരക്കു പിടിച്ച അന്വേഷണം അവരുടെ രണ്ടു ദിവസം രണ്ടു മണിക്കൂർ പോലെയാക്കി മാറ്റി. ഡാനിയേൽ മായയുടെ കേസിലെ സാക്ഷിയായിരുന്നു എന്നു മനസ്സിലാക്കി. ഫിറോസ് ആ കേസിൽ അന്വേഷണച്ചുമതല ഉണ്ടായിരുന്ന ടീമിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. അഭിജിത്തിന്റെയോ സുദേവന്റെയോ ഇടപെടൽ ആ കേസിൽ നടന്നിട്ടുണ്ടോ എന്ന് അവർക്ക് സംശയമായി.മായയ്ക്കു വേണ്ടി ആയിരുന്നു ഇതെല്ലാം. മിഥ്യ അല്ല ഇതു ചെയ്യുന്നതെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. സുധിയെ സംശയിച്ചിരുന്നുവെങ്കിലും അയാൾ അത് ചെയ്തിട്ടില്ല എന്ന് മനസ്സിലായി. മായ എവിടെയാണെന്ന് ആർക്കുമറിയില്ല. അല്ലെങ്കിൽ തന്നെ 'അവളൊറ്റയ്ക്ക് എങ്ങനെ?' എന്ന ചോദ്യം പലയിടത്തും ഉയർന്നു വന്നു.
എല്ലാവരുടെയും ഉറക്കം കുറഞ്ഞു വന്നു. നാലിന് രാവിലെ പത്തുമണിയോടെ ആരംഭിച്ച അന്വേഷണം അഞ്ചിന് രാവിലെ നാലുമണിക്കാണ് അവസാനിച്ചത്.
05/04/2019    
09:45 AM
SP OFFICE
ഭ്രാന്തുപിടിച്ച ഒരുകൂട്ടം പൊലീസുകാർ ഒരു വലിയ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുവാനുള്ള ശ്രമത്തിലാണ്.അനിത സംസാരിച്ചു തുടങ്ങി, "ഇതുവരെയുള്ള മരണങ്ങളുടെ ഒരു രീതി അനുസരിച്ച് നാല് ദിവസത്തിന്റെ വ്യത്യാസത്തിലാണ് ഒരാളെ കൊല്ലുന്നത് എന്നു മനസ്സിലാക്കാം. ഫിറോസ് 24, അഭിജിത്ത് 28, ഡാനിയേൽ ഈ മാസം 1ന്. ഇതെല്ലാം രാത്രി എട്ടു മണിക്കാണ് സംഭവിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ ഇന്നു രാത്രി എട്ടിന് സുദേവൻ കൊല്ലപ്പെടും.അത് ഇല്ലാതാക്കാൻ നമ്മൾ പരമാവധി ശ്രമിക്കണം. അതിനൊരേയൊരു വഴി ചെക്കിങ് ആണ്. എല്ലാ വാഹനങ്ങളും പരിശോധിക്കണം. വിങ്സ്, സുദേവന്റെ വീട്, S GROUP ഓഫീസ്. ഇവിടെയെല്ലാം പൊലീസ് നിരീക്ഷണത്തിലായിരിക്കണം."
മിഥ്യ, "ഇതു നമുക്ക് നിർത്താം മാഡം. സ്റ്റേഷനിൽ ഒരുപാട് ജോലിയുണ്ട്. ഈ ഒരു കേസിന്റെ പിന്നാലെ ആയതുകൊണ്ട് നമുക്ക് മറ്റുള്ളതൊന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല."
എല്ലാവരും മിഥ്യ പറഞ്ഞത് അംഗീകരിച്ചു. മീറ്റിംഗ് അതോടെ അവസാനിച്ചു. എല്ലാവരും ഇറങ്ങിയപ്പോഴും ഹരി മാത്രം അവശേഷിച്ചു. ഹരി അനിതയോട്, "മായ എവിടെ ഉണ്ടെന്നു കണ്ടെത്താൻ കഴിയുകയാണെങ്കിൽ ഇതിനൊരു ഉത്തരമാകും."
പെട്ടെന്ന് അനിതയുടെ മൊബൈൽ ബെല്ലടിച്ചു. അത് മിഥ്യ ആയിരുന്നു. അനിത ഫോണെടുത്തു. മിഥ്യ,  "ഹലോ മാഡം എനിക്ക് ഒരു ആക്സിഡന്റ് ആയി. അതുകൊണ്ടാണ് വരാത്തത്. ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്."

To Be Continued

Monday, 20 May 2019

പേപ്പർ

അനിത, "മിഥ്യാ, ഞാനന്ന് പറഞ്ഞില്ലേ, ഫിറോസിനെ കാണാൻ സുദേവൻ വന്ന കാര്യം. "
"എന്നാണ് മാഡം? "
"മായയുടെ കേസന്വേഷിച്ചു കൊണ്ടിരുന്ന സമയത്ത്! ഫിറോസും സുദേവനും തമ്മിൽ കേസിന്റെ പേരിൽ എന്തോ പ്രശ്നം ഉണ്ടെന്ന്. "
"ഇല്ല. എന്നോട് പറഞ്ഞിട്ടില്ല! മായയോടാകും പറഞ്ഞത്."
ഹരി ഇടപെട്ടു, "അതിന് മായ ജീവനോടെ ഉണ്ടോ!"
മിഥ്യ, "ഉണ്ടായിരിക്കാം"
"ഉണ്ടായിരിക്കും എന്നോ!"
"പെട്ടെന്ന് ഒരു ദിവസം എങ്ങോട്ടെന്നു പറയാതെ പോയി. ഒന്നു രണ്ടാഴ്ച അന്വേഷിച്ചു. ഒരു വിവരവും ഇല്ല."
"മായയുടെ ലവർ?"
"എന്റെ അറിവിൽ ഇല്ല"
"മായയുടെ റൂം ഒന്നു നോക്കിയാലോ?"
"ഞാൻ കീ നോക്കട്ടെ"
മിഥ്യ പോയി. ഹരി ഒരല്പം സംശയത്തോടെ, "മിഥ്യയും ഇതുമായി എന്തെങ്കിലും ബന്ധമുണ്ടാകുമോ?"
അനിത,  "ഏയ്, ഉണ്ടാകില്ല." എങ്കിലും അനിത ഒന്നു സംശയിച്ചു.
കുറച്ചു സമയത്തെ അന്വേഷണത്തിനൊടുവിൽ താക്കോൽ കിട്ടി. മിഥ്യ അത് അനിതയ്ക്ക് കൈമാറി. അവർ മുറിയാകെ പരിശോധിച്ചു. മുറിയിൽ നിന്ന് ഒരു ലെറ്റർ കവർ കിട്ടി. അത് നോക്കിയിട്ട് ഹരി, "ഇതെങ്ങനെ ഇവിടെ വന്നു. ഇത് സുധിയ്ക്ക് വന്നതല്ലേ S GROUPൽ നിന്നും."
മിഥ്യ, "നോക്കട്ടെ!"
ഹരി, "ഇതേതാ ഈ S GROUP?"
അനിത, "അത് സുദേവൻ നടത്തുന്ന ഒരു കമ്പനി ആണ്."
ഹരി,"ഇയാളിതിൽ എല്ലായിടത്തും ഉണ്ടല്ലോ! "
മിഥ്യ, "ഇത് എന്തോ ജോലിയുടെ കാര്യമാണ്. അല്ലാതെ വേറെ ഒന്നുമല്ല. ഡേറ്റ് കണ്ടോ കഴിഞ്ഞ വർഷം നവംബർ. പക്ഷേ ഇതെങ്ങനെ ഇവിടെ വന്നു?"
അനിതയ്ക്ക് അവിടെ നിന്ന് ഒരു പെൻഡ്രൈവ് കിട്ടി. പക്ഷേ അതിൽ കുറച്ചു സിനിമകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഹരി, "മായയ്ക്ക് ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നോ?"
മിഥ്യ ദേഷ്യത്തോടെ, "ഇതൊക്കെ എന്നോട് ചോദിച്ചാൽ ഞാനെങ്ങനെ അറിയാനാണ്? അവൾ എന്നോടൊന്ന് സംസാരിക്കുക പോലുമില്ലായിരുന്നു."
കുറച്ചു നേരം നിശബ്ദത അവിടെ തളം കെട്ടി നിന്നു.
മിഥ്യ, "സോറി സർ"
ഹരി, "സാരമില്ല. മായയുടെ കേസിൽ എന്താ സംഭവിച്ചത്?"
അനിത, "അത് രാത്രി ജോലി കഴിഞ്ഞു വരുന്ന സമയത്തായിരുന്നു സംഭവം. രണ്ടു പേരെ അറസ്റ്റ് ചെയ്തു. കേസ് കോടതിയിൽ എത്തിയപ്പോൾ അവരല്ല അതു ചെയ്തതെന്നു അവൾ പറഞ്ഞു. കേസ് വേറെ ടീമിന് പോയി. അവരത് പിന്നെ അന്വേഷിച്ചില്ല."
അന്നത്തെ മീറ്റിംഗ് ആ മുറിയിൽ അവസാനിച്ചു.
01/04/2019
രാവിലെ അനിത മിഥ്യയെ വിളിച്ചിട്ട് സുധിയുടെ വീട്ടിലേക്ക് വരണം എന്നു പറഞ്ഞു.
07:48 AM. സുധിയുടെ വീട്.
മിഥ്യ, "വസ്തു തർക്കമൊക്കെ മാറിയോ?"
സുധി,"ഇല്ല.  അവർ വാശി പിടിക്കുന്നുണ്ട്. "
"മായയെ അറിയുമോ?"
സുധി മിഥ്യയെ ഒന്നു നോക്കി,  "അറിയും".
മായയുടെ മുറിയിൽ നിന്ന് കിട്ടിയ കത്ത് സുധിയ്ക്ക് കൊടുത്തിട്ട് മിഥ്യ, "ഇതെങ്ങനെ മായയുടെ കയ്യിൽ വന്നു?"
"അത്... ഞാനാ ജോലിയെക്കുറിച്ച് പറഞ്ഞപ്പോൾ മായ എന്നോട് പോകണ്ട എന്ന് പറഞ്ഞു. എന്നിട്ട് അവൾ ഇത് വാങ്ങിക്കൊണ്ടു പോയി."
അനിത, "അവസാനമായി മായയെക്കണ്ടത് എന്നാണ്?"
സുധി, "ഡിസംബറിലാണ്. നാലിനാണെന്ന് തോന്നുന്നു. ബാംഗ്ലൂരിൽ വച്ച്."
"അഭിജിത്തിനെക്കുറിച്ച് മായ എന്തെങ്കിലും പറഞ്ഞിരുന്നോ?"
"ഇല്ല"
"ശ്രുതി അഭിജിത്തിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞിരുന്നോ? ഒരു കേസിന്റെ കാര്യം? "
"ഉണ്ട്. പക്ഷേ അത് അവൾ ഒരു തെറ്റിധാരണയുടെ പുറത്തു കൊടുത്തത് ആയിരുന്നു. "
"മാർച്ച് 24ന് രാത്രി എട്ടുമണിക്ക് നിങ്ങൾ എവിടെയായിരുന്നു?"
"ഇവിടെ ഉണ്ടായിരുന്നു!!!"
മിഥ്യ, "ഫിറോസ് സാറിനെ അറിയുമോ?"
സുധി, "നേരിട്ട് കണ്ടിട്ടില്ല. പക്ഷേ പത്രത്തിൽ കണ്ടിട്ടുണ്ട്."
അനിത, "എന്തിനാണ് നിങ്ങൾ  ഫിറോസിനെയും അഭിജിത്തിനെയും കൊന്നത്?"

To Be Continued

Friday, 17 May 2019

പേപ്പർ

മിഥ്യ,  "ഇല്ല. എങ്കിലും ഫോൺ ഡീറ്റയിൽസ് ഒന്നു നോക്കുന്നത് നല്ലതായിരിക്കും.  ഒന്നും മിസ്സ് ചെയ്യരുതല്ലോ!"
ഹരി, "ഹ്മ്. സുധിയെ കണ്ടില്ലേ?  ഇനി വിങ്സിൽ പോകാം."
ഹരിയും മിഥ്യയും സ്റ്റേഷനിൽ നിന്നിറങ്ങി.
11:30AM വിങ്സ്.
അഭിജിത്തിനു പകരം പുതിയ മാനേജർ വന്നിട്ടില്ല.സ്റ്റാഫുകളെ ഓരോരുത്തരായി ചോദ്യം ചെയ്യാൻ തുടങ്ങി. ആരിൽ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. അവിടെ നിന്നു കിട്ടിയത് ഇത്ര മാത്രം. വൈകിട്ട് അഞ്ചു മണി വരെയാണ് ഓഫീസ് സമയം. പക്ഷേ മിക്ക ദിവസങ്ങളിലും അഭിജിത്തും പ്രൊഡക്ഷൻ വിഭാഗത്തിലെ സ്റ്റാഫുകളും ഏഴു മണി വരെ അവിടെ ഉണ്ടാകും. 24ന് ആറരയ്ക്കു ഉടനെ വരാം എന്നു പറഞ്ഞു പുറത്തു പോയി. പിന്നീട് തിരികെ വന്നില്ല. പിറ്റേന്നുതന്നെ പൊലീസിൽ പരാതി നൽകി.
പിന്നെ അറിയേണ്ടിയിരുന്നത് ഡാനിയേലിനെ കുറിച്ച് ആണ്. അയാൾക്ക് പറയത്തക്ക ശത്രുക്കൾ ആരും തന്നെ ഇല്ല. 28ന് ആറിന് ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്ന അയാൾ അന്നു മുതൽ വന്നിട്ടില്ല. 
മിഥ്യ, "നമുക്ക് സുദേവന്റെ വീട് വരെ ഒന്നു പോയാലോ?"
ഹരി, "അതിന് മുൻപ് ഒരു കാര്യം കൂടെ ഉണ്ട്. CCTV. 24, 28 . രണ്ടു ദിവസങ്ങളിലേത് ഒന്നു ചെക്ക് ചെയ്യാം. ഏതെങ്കിലും ഒരു ക്ലൂ കിട്ടാതിരിക്കില്ല."
CCTVയിൽ നിന്നും ഒന്നും കിട്ടിയില്ല. സുദേവനെ കാണാനായി അവർ പോയി. അവിടെയും നിരാശ മാത്രം.
തിരികെ വരുന്ന വഴിയിൽ അവർ ഒരു ചായ കുടിക്കാൻ കയറി. തിരികെ അവർ സുധിയുടെ വീട്ടിലെത്തി. അയാളുടെ അനുവാദത്തോടെ അവിടെ ഒന്നു പരിശോധിച്ചതിനു ശേഷം അവർ എസ്പിയെ കാണാനായി പോയി.
മിഥ്യ ഹരിയോട്, "ഒരു ക്ലൂ ഉണ്ടാകും."
"എന്ത് ക്ലൂ?"
"ആ പേപ്പറില്ലേ. Quote ഉള്ളത്"
അനിതയെ കണ്ടു അവർ ആ പേപ്പറുകൾ നോക്കി.ഒന്നാമത്തേത് ഫിറോസിന്റെ ബോഡിയിൽ നിന്ന് കിട്ടിയത്. ഹരി അതു വായിച്ചു നോക്കിയിട്ട്, "ഫിറോസ് സർ ഏതെങ്കിലും കേസിൽ കൃത്രിമം കാണിച്ചിട്ടുണ്ടാകും. സർ ഇടപെട്ടിട്ടുള്ള എല്ലാ കേസും നമുക്ക് എടുക്കണം.
അഭിജിത്തുമായോ വിങ്സുമായോ ബന്ധമുള്ളത്."
മിഥ്യ അനിതയോട്, "ഇന്ന് ഒരു മീറ്റിംഗ് കൂടെ വേണം"
"ഞാൻ അവരെ അറിയിക്കാം."
"വൈകിട്ട് ഒരു 8 മണിക്ക് മതി മാഡം. സ്റ്റേഷനിൽ കുറച്ചു ജോലികൾ ഉണ്ട്. "
"എങ്ങനെ വേണമെങ്കിലും ചെയ്യാം."
അഭിജിത്തിൻറെ ബോഡിയിൽ നിന്നു കിട്ടിയ പേപ്പറിൻറെ ഫോട്ടോ എടുത്തതിനു ശേഷം അവർ അവിടെ നിന്നും ഇറങ്ങി.
ഹരി, "ശ്രുതിയുടെ കേസിൽ ഫിറോസ് സർ ഇടപെട്ടിരുന്നോ?"
മിഥ്യ, "ഇല്ല. അന്നു രാജൻ സർ പറഞ്ഞു ആ കേസ് വേണ്ട എന്ന്. അഭിജിത്തിൻറെ ബോഡിയിൽ നിന്ന് എന്താണ് കിട്ടിയത്?"
"അത് a beautiful face can mask great evil എന്നാണ്."
"അവൻറെ സ്വഭാവം അതുപോലെ ഉണ്ടല്ലോ."
"ഫിറോസ് സാറിന്റെ കേസുകളാണ് ഇനി നമുക്ക് ഉള്ള വഴി."
അവർ കേസുകൾ പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ല. വൈകിട്ട് 8 മണിക്ക് അടുത്ത മീറ്റിംഗ്. 
മിഥ്യ,  "രാവിലെ മുതൽ ഞങ്ങൾ പല സ്ഥലങ്ങളിൽ പോയി.  വിങ്സ്, അഭിജിത്തിന്റെ വീട്, സുധിയുടെ വീട്.. അങ്ങനെ ഞങ്ങൾക്കു സംശയമുള്ള സ്ഥലങ്ങളെല്ലാം. പക്ഷേ ഒരു തെളിവോ സൂചനയോ ഒന്നും കിട്ടിയില്ല. പിന്നെ ആകെയുള്ള ക്ലൂ ആ പേപ്പറുകൾ ആണ്. അതുകൊണ്ട് ഫിറോസ് സർ ഇടപെട്ടിട്ടുള്ള കേസുകൾ പരിശോധിച്ചു.  അതിലും യാതൊരു പ്രതീക്ഷ ഇല്ല. ഫിറോസ് സർ ഇടപെട്ടിട്ടുള്ള അഭിജിത്തോ വിങ്സോ ഉൾപ്പെടുന്ന ഏതെങ്കിലും കേസ് ഉണ്ടെങ്കിൽ നമുക്ക് മുന്നോട്ടു പോകാം. ഇല്ല എങ്കിൽ ഞാനീ അന്വേഷണത്തിൽ നിന്നു പിൻമാറുന്നു. ഒരു ഫോൺ പോലും ഉപയോഗിക്കാത്ത,  ഒരു ക്യാമറയിലും പതിയാത്ത ഒരാളെ എങ്ങനെ കണ്ടുപിടിക്കും?"

To be continued

Tuesday, 7 May 2019

പേപ്പർ

മിഥ്യ പറഞ്ഞു നിർത്തി. ഹരി സംസാരിച്ചു തുടങ്ങി. "ഫിറോസിനെയും അഭിജിത്തിനെയും കൊന്നത് ഒരാളാണെങ്കിൽ അയാൾ ഡാനിയേലിനെ കൊല്ലുമായിരിക്കും. അങ്ങനെയാണ് എങ്കിൽ ഇവർക്ക് ഒരു പൊതുശത്രു ഉണ്ടായിരിക്കും. അഭിജിത്തും ഡാനിയേലും വിങ്സിൽ ജോലി ചെയ്തവരാണ്. വിങ്സിൽ വച്ച് എന്തെങ്കിലും അസാധാരണമായി നടന്നിട്ടുണ്ടാകും. അങ്ങനെ അഭിജിത്തിന് എതിരെയോ ഡാനിയേലിനെതിരെയോ എന്തെങ്കിലും കേസുണ്ടോ എന്ന് നോക്കണം"
രാജൻ ഉടനെ,  "ഏയ് അഭിജിത്തിന് എതിരെ അങ്ങനെ ഒന്നും ഉണ്ടാവില്ല. അവൻ നല്ല പയ്യൻ ആണ്."
മിഥ്യ, "കഴിഞ്ഞ ഒക്ടോബറിലോ നവംബറിലോ അഭിജിത്തിനെ ഞാൻ അറസ്റ്റ് ചെയ്തിരുന്നു. അതു മറന്നു പോകാൻ വഴിയില്ലല്ലോ. ഒരു സന്ധ്യയുടെ കംപ്ലയിന്റ്."
"സന്ധ്യ അല്ല ശ്രുതി."
"അപ്പോൾ സാറത് മറന്നിട്ടില്ല."
"ഇല്ല മിഥ്യ. ആ കേസിലവൻ നിരപരാധി ആയിരുന്നു."
മിഥ്യ ദേഷ്യത്തോടെ, "എന്നു പറയപ്പെടുന്നു"
ഹരി ഇടപെട്ടു, "ശ്രുതി ഇപ്പോൾ എവിടെയാണ് സർ"
രാജൻ, "മരിച്ചു പോയി."
ഹരി, "എങ്ങനെ?"
രാജൻ, "ടെറസിൽ നിന്നു വീണു മരിച്ചു."
മിഥ്യ, "ടെറസിൽ നിന്ന് വീഴാൻ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ. അവൾ മരിച്ച സമയം അഭിജിത്ത് അവിടെ ഉണ്ടായിരുന്നു. പക്ഷേ അതൊരപകടമായി കരുതാനാണ് എല്ലാവർക്കും ഇഷ്ടം.തുടരന്വേഷണം ഒന്നും നടന്നിട്ടില്ല."
രാജൻ മിഥ്യയെ തടഞ്ഞു, "നമ്മൾ അന്വേഷിക്കുന്നത് ശ്രുതിയുടെ കേസല്ല."
മിഥ്യ അനിതയെ ഒന്നു നോക്കിയതിനു ശേഷം അവിടെ ഇരുന്നു.
അനിത, "അതൊഴിവാക്കാൻ വരട്ടെ. ശ്രുതിയുടെ ഫാമിലിയെ കുറിച്ച് ഒന്ന് അന്വേഷിക്കണം"
രാജൻ, "അന്വേഷിക്കാൻ ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല മാഡം."
മിഥ്യ, "ശ്രുതിയുടെ അച്ഛൻ മരിച്ചു പോയതാണ്. അമ്മയും ഒരു സഹോദരനും ബാംഗ്ലൂരിൽ ആണ്. അയാളെ കുറച്ചു ദിവസം മുൻപ് കണ്ടിരുന്നു. 22നോ 23നോ മറ്റോ"
അനിത, "അയാൾ നാട്ടിലുണ്ടോ എന്ന് അന്വേഷിക്കണം."
മിഥ്യ ഇടയ്ക്കു കയറി, "അയാളെ ഇന്നലെ കണ്ടിരുന്നു.  സ്റ്റേഷനിൽ വച്ച്. "
അനിത, "അപ്പോൾ അയാൾ നാട്ടിലുണ്ട്. അയാളുടെ ഫോൺ ഡീറ്റയിൽസ് കളക്ട് ചെയ്യണം, ലൊക്കേഷൻ, കോൾ ഹിസ്റ്ററി എല്ലാം."
അന്നത്തെ മീറ്റിംഗ് അവസാനിച്ചു. ഹരി അവസാനം മിഥ്യയെ നോക്കിയിട്ട്, "അയാളുടെ പേരെന്താണ്?"
"ആരുടെ"
"ശ്രുതിയുടെ സഹോദരൻ!"
"സുധിയെന്നോ മറ്റോ ആണ്. സ്റ്റേഷനിൽ പോയാൽ അവിടെ നിന്ന് ഫയൽ തരും. ഞാൻ വിളിച്ചു പറയാം."
ഒരു രാത്രി കടന്നു പോയി.
31/03/2019
രാവിലെ മിഥ്യയുടെ ഫോൺ തുടരെ തുടരെ ബെല്ലടിച്ചു.
"ഹലോ, ആരാണ്?"
അപ്പുറത്ത് നിന്ന്, "ഞാൻ ഹരിയാണ്"
മിഥ്യ സംശയത്തോടെ, "എന്താണ്?"
"ഇന്ന് സ്റ്റേഷനിൽ ഞാൻ വരും. നമുക്ക് വിങ്‌സ് വരെ ഒന്നു പോകണം. പിന്നെ, സുധിയുടെ വീട്ടിലും. ഞാൻ അനിത മാഡത്തെ വിളിച്ചു പറയാം."
"ശരി"
പൊലീസ് സ്റ്റേഷൻ
മിഥ്യ, "ഹരി സർ നേരത്തെ വന്നോ?"
ഹരി, "ഇല്ല. ഞാനിപ്പോൾ വന്നതേയുള്ളൂ."
പെട്ടെന്ന് ഒരു പൊലീസുകാരൻ ഉള്ളിലേക്ക് വന്നു. മിഥ്യ, "ഇന്നത്തെ എല്ലാ കാര്യങ്ങളും നിങ്ങൾ ചെയ്താൽ മതി."
"ശരി മാഡം. ഇന്നലെ മാഡം പറഞ്ഞില്ലേ, സുധി, അയാൾ വന്നിട്ടുണ്ട്."
"അയാളോട് വരാൻ പറഞ്ഞില്ലല്ലോ"
"അയാൾ വീണ്ടും വന്നതാണ്, വസ്തുതർക്കവുമായി ബന്ധപ്പെട്ട്."
"വരാൻ പറയൂ"
"ശരി"
സുധി അകത്തേയ്ക്ക് വന്നു.
മിഥ്യ സുധിയോട്, "ഇരിക്കൂ"
സുധി ഇരുന്നു.
മിഥ്യ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി.
"ബാംഗ്ലൂരിൽ ആയിരുന്നു അല്ലെ?"
"അതേ."
"എന്താ തിരികെ വന്നത്?"
"വീടും വസ്തുവും വിൽക്കാനാണ് വന്നത്. എന്നെങ്കിലും തിരിച്ചു വന്നു ഇവിടെ താമസിക്കാം എന്നു വിചാരിച്ചതാണ്. ഇപ്പോൾ അവിടൊരു ജോലി കിട്ടി. ഇനിയിപ്പോൾ അവിടെ താമസിക്കാം എന്നു തീരുമാനിച്ചു."
"എന്നു വന്നു?"
"22നു"
"വന്നയുടനെ വീട് വിൽക്കാനുള്ളതെല്ലാം റെഡി ആയോ?"
"അത്‌ നേരത്തെ തന്നെ റെഡി ആയതാണ്. പക്ഷെ ഇവിടെ വന്നപ്പോഴാണ് വസ്തുവിലെ പ്രശ്നം"
"എവിടെയാ താമസം"
"വീട്ടിലാണ്"
"രാത്രി പുറത്തിറങ്ങി നടക്കാറുണ്ടോ?"
സുധി അല്പം സംശയത്തോടെ മിഥ്യയെയും ഹരിയെയും മാറി മാറി നോക്കി.ഹരി മിഥ്യയെ നോക്കി ഒന്ന് ചിരിച്ചു. എന്നിട്ട്  സുധിയോട് ,"വിങ്‌സിൽ പോയിരുന്നോ?"
ഹരി,"24നു പോയിരുന്നു"
"അപ്പോൾ അഭിജിത്ത് അവിടെ ഉണ്ടായിരുന്നോ?"
"ഉണ്ടായിരുന്നു"
"എത്ര മണിക്ക്"
"ഏകദേശം ഒരു നാലര ആയിട്ടുണ്ടാകും. അല്ല സർ എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത്?"
"അഭിജിത്ത് 24നാണ് കാണാതായത്. അയാളെ അന്ന് കണ്ടവരെ പറ്റി അന്വേഷിക്കുന്നുണ്ട്. ഇനി പറയാമോ എത്ര മണിയായപ്പോൾ അവിടെ നിന്നിറങ്ങി. എന്തിനു പോയി?"
"ഞാൻ ഏകദേശം നാലരയോടെ അവിടെ എത്തി. അഞ്ച് മിനുറ്റ് അവിടെ നിന്ന് കാണും. അഭിജിത്തിനെ കണ്ടു. വസ്തുവിനെ കുറിച്ചാണ് സംസാരിച്ചത്. അത് വാങ്ങിക്കാൻ പറഞ്ഞത് അഭിജിത്താണ്."
"ആരുമായിട്ടാണ് തർക്കം?"
"അത് പ്രതാപൻ ചേട്ടനുമായിട്ടാണ്"
"24നു രാത്രി 8 മണിക്ക് എവിടെ ആയിരുന്നു?"
"വീട്ടിലായിരുന്നു. രാത്രി ഞാനങ്ങനെ പുറത്തിറങ്ങാറില്ല."
"ഡാനിയേലിനെ അറിയുമോ? വിങ്‌സ് സെക്യൂരിറ്റി?"
"ഇല്ല"
"ഫോൺ നമ്പർ എഴുതി തന്നിട്ട് പൊയ്ക്കോ. ആരെയെങ്കിലും വിടാം."
സുധി നമ്പർ എഴുതികൊടുത്തിട്ടു പോയി. അയാൾ ഇറങ്ങിക്കഴിഞ്ഞപ്പോൾ ഹരി മിഥ്യയോട്, "അയാളാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് തോന്നുന്നുണ്ടോ?"

To be continued

Saturday, 4 May 2019

പേപ്പർ

"രാവിലെ ഒരു കേസിനെ കുറിച്ച് പറഞ്ഞത് ഓർമയുണ്ടോ?"
അപ്പോൾ അനിത വന്നിരുന്നു. അവൾ പറഞ്ഞു, "അതിന്റെ അന്വേഷണച്ചുമതല ആദ്യം മിഥ്യയ്ക്കായിരുന്നു. പിന്നീട് അത് എനിക്കായി. പിന്നെ നടന്നത് ആരും ഒരിക്കലും മറക്കില്ല."
ബാക്കി എല്ലാവരും അപ്പോഴേയ്ക്കും എത്തി. അനിത എല്ലാവരെയും നോക്കിയിട്ട്,  "എല്ലാവരും എത്തിയില്ലേ അപ്പോ തുടങ്ങാം."
മിഥ്യ വാതിൽ അടച്ചു. എല്ലാവരും മുകളിലേക്ക് പോയി. നിരത്തിയിട്ടിരുന്ന കസേരകളിൽ എല്ലാവരും ഇരുന്നു. മിഥ്യ സംസാരിച്ചു തുടങ്ങി.
"25/03/2019
രാവിലെ ആറര ആയപ്പോഴേക്കും പൊലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചിട്ട് ഫിറോസ് സർ കൊല്ലപ്പെട്ടു എന്നു പറഞ്ഞു. ഞാൻ പൊലീസ് സ്റ്റേഷനിൽ പോയിട്ട് അവിടെ നിന്ന് രണ്ടു പേരെ കൂട്ടി സംഭവസ്ഥലത്ത് എത്തി. ഷർട്ടിൽ നിന്ന് ഒരു പേപ്പർ കിട്ടി. ആ പേപ്പറിൽ എഴുതിയിരുന്നത് ഇതായിരുന്നു.
"Woe unto them that call evil good, and good evil; that put darkness for light, and light for darkness; that put bitter for sweet, and sweet for bitter!"
Isaiah 5:20
ഷർട്ടിൽ നിന്ന് ഫിംഗർപ്രിന്റ് കിട്ടിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് 12 മുറിവുകളുണ്ടായിരുന്നു. എട്ടെണ്ണം ആഴമേറിയതാണ്. മാത്രമല്ല 24ന് രാത്രി 8 മണിയോടെയാണ് ഫിറോസ് സർ കൊല്ലപ്പെട്ടത്. ഫിംഗർപ്രിന്റ് പരിശോധിച്ചപ്പോൾ അത് അഭിജിത്തിന്റെ ആണെന്നു മനസ്സിലായി.
അഭിജിത്ത് സുദേവൻ. 32 വയസ്സ്. വിങ്സ് കോസ്മെറ്റിക്സിന്റെ മാനേജർ. അയാളുടെ വീട്ടിൽ ചെന്നപ്പോഴാണ് മനസ്സിലായത് 24നു ശേഷം അഭിജിത്ത് വീട്ടിൽ ചെല്ലുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. ഫോൺ വിങ്സിൽ തന്നെയാണ് ഉണ്ടായിരുന്നത്. എല്ലാ പൊലീസ് സ്റ്റേഷനിലും മെസേജ് അയച്ചു. മാത്രമല്ല റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എയർപോർട്ട് അങ്ങനെ എല്ലാ സ്ഥലങ്ങളിലെയും CCTV പരിശോധിച്ചു. അഭിജിത്തോ അയാളോട് രൂപസാദൃശ്യമുള്ള ആരെങ്കിലുമോ അവിടെയെങ്ങും ഇല്ലായിരുന്നു.
29ന് രാവിലെയാണ് അഭിജിത്തിന്റെ ബോഡി കിട്ടിയത്. ഒരു പേപ്പറും കിട്ടി.
"A beautiful face can mask great evil..."
Francine River
ശരീരത്തിൽ 12 മുറിവുകളുണ്ടായിരുന്നു എട്ടെണ്ണം ആഴമേറിയതാണ്.  ഫിംഗർപ്രിന്റ് വിങ്സിന്റെ സെക്യൂരിറ്റി ആയിരുന്ന ഡാനിയേൽ എന്ന ഒരാളുടെ ആയിരുന്നു. ഡാനിയേലിന്റെ ബോഡി എപ്പോൾ വേണമെങ്കിലും ലഭിക്കാം. കാരണം ഡാനിയേൽ മിസ്സിങാണ്. ഇന്ന് വിങ്സിൽ പോയിരുന്നു. ഡാനിയേൽ 28ന് വൈകിട്ട് 6 മണിയോടെയായിരുന്നു ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നത്. എന്നാൽ അന്ന് അയാൾ ജോലിക്കു വന്നില്ല.
അയാളെ വൈകിട്ട് നാലു മണിക്ക് കണ്ടതായി അയാളുടെ വീടിനടുത്തുള്ള ഒരു ചായക്കടക്കാരൻ പറഞ്ഞു. അതിനർത്ഥം... വൈകിട്ട് അയാളെ തട്ടിക്കൊണ്ട് പോയിട്ടുണ്ടാകും. രാത്രി എട്ടു മണ്ടിക്കാണ് അഭിജിത്ത് കൊല്ലപ്പെട്ടത്. അതിൽ രണ്ടു കാര്യം ഉണ്ട്.
1. അഭിജിത്തിനെ കൊന്ന ആളിനെ ഡാനിയേൽ കണ്ടിട്ടുണ്ടാകും. ഡാനിയേലിനെ ജീവനോടെ കിട്ടുകയാണെങ്കിൽ അയാളെ കണ്ടുപിടിക്കാൻ കഴിയും.
2. നാല് മണിക്കൂറിനുള്ളിൽ എത്തിപ്പെടാവുന്ന ദൂരത്തിലാണ് അയാൾ ഉള്ളത്. "

To be continued

Friday, 3 May 2019

പേപ്പർ

അനിത,  "കയറി വരൂ"
അയാൾ അകത്തേക്കു വന്നപ്പോൾ അനിത, "ഇരിക്കൂ, എല്ലാവരും വരട്ടെ"
പെട്ടെന്ന് മിഥ്യ വാച്ചിൽ നോക്കിയിട്ട്,  "നല്ല കൃത്യനിഷ്ഠയുള്ള ആളുകളാണല്ലോ മാഡം ടീം ഉണ്ടാക്കുന്നത്. പതിനൊന്നര ആയപ്പോൾ നമ്മൾ മൂന്നു പേർ മാത്രം."
അനിത ഒന്നും പറഞ്ഞില്ല. മുഖത്ത് പരിഹാസം നിറഞ്ഞ ഒരു ചിരിയോടെ മിഥ്യ അവിടെ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഓരോരുത്തരായി വരാൻ തുടങ്ങി.
11:45AM
അനിത സംസാരിച്ചു തുടങ്ങി. "എല്ലാവരും അറിഞ്ഞു കാണുമല്ലോ കഴിഞ്ഞ ആഴ്ച നടന്ന 2 കൊലപാതകങ്ങളെ പറ്റി. ഇത്രയും നാൾ അതിന്റെ ചുമതല മിഥ്യയ്ക്ക് ആയിരുന്നു. ഇന്ന് രാവിലെ വന്ന ഓർഡർ അനുസരിച്ച് SPയുടെ നേതൃത്വത്തിൽ ഒരു ടീം രൂപീകരിക്കുകയും കേസ് മുന്നോട്ടു കൊണ്ടുപോകുകയും വേണം. അതിനാണ് നിങ്ങളെ എല്ലാവരെയും വിളിപ്പിച്ചത്. അഞ്ചു മാസം മുൻപ് മായ റേപ് കേസ് നമ്മളല്ലേ അന്വേഷിച്ചത്.അന്ന് ടീമിൽ ഉണ്ടായിരുന്നവരിൽ ഫിറോസ് ഒഴികെ എല്ലാവരും ഉണ്ട്. ഫിറോസിനു പകരം വന്ന ഹരിയെ ടീമിൽ എടുക്കുകയാണ്. ടീം ഡീറ്റയിൽസ് ഇന്ന് അയക്കണം. അതിനു മുൻപ് നിങ്ങളോടെല്ലാവരോടും പറയേണ്ട ഉത്തരവാദിത്വം ഉണ്ടായിരുന്നു. ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ?"
CI ആയ രാജൻ, "മാഡം... അന്നത്തെ പോലെ ആകുമോ എന്നെനിക്കു പേടിയുണ്ട്. അന്നെല്ലാം അന്വേഷിച്ചിട്ട് അവസാനം.."
രാജൻ പറഞ്ഞു തീരുന്നതിനു മുൻപ് മിഥ്യ, "ഇതതുപോലെ ആകില്ല സർ. കൊല്ലപ്പെട്ടവരിൽ അഭിജിത്തിൻറെ അച്ഛൻ സുദേവൻ നല്ല രാഷ്ട്രീയ ബന്ധമുള്ള ആളാണ്. നമ്മൾ അന്വേഷിച്ചില്ലെങ്കിൽ കേസ് വേറെ ടീമിന് പോകും.
അനിത ഉടനെ," ശരിയാണ് . അപ്പോൾ ടീം ഡീറ്റയിൽസ് ഞാൻ അയക്കുകയാണ്. വൈകിട്ട് ഒരു അഞ്ചര ആകുമ്പോൾ മിഥ്യയുടെ വീട്ടിലേക്ക് വന്നാൽ മതി. ഇന്നു കുറച്ചു തിരക്കുകൾ ഉണ്ട്. ശരി"
എല്ലാവരും പുറത്തിറങ്ങി. ഹരി രാജനോട്, "സാറേ ഒരു കാര്യം ചോദിച്ചാൽ തെറ്റിധരിക്കുമോ?"
"ചോദിച്ചാലല്ലേ പറയാൻ പറ്റുകയുള്ളൂ."
"അല്ല സാറേ,  ഈ.... SPയും ആ SIയും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? അവര് അത്ര റഫ് ആയി സംസാരിച്ചിട്ടും അനിത മാഡം ഒന്നും പറഞ്ഞില്ല."
രാജൻ ഒന്നു ചിരിച്ചു. "വഴിയെ മനസ്സിലാകും"
"സാറേ മീറ്റിംഗ് എന്താ മിഥ്യയുടെ വീട്ടിൽ നടത്തുന്നത്? "
"അതോ. അവിടെ ആരും ശല്യപ്പെടുത്താൻ വരില്ല. ഇവിടെയാണെങ്കിൽ മീറ്റിംഗ് നടക്കില്ല."
"സർ ഒരു കാര്യം കൂടെ. ഈ മിഥ്യയുടെ വീട് എവിടെയാ?"
"ഇവിടെ നിന്നു രണ്ടു കിലോമീറ്റർ കഴിയുമ്പോൾ ഒരു മുസ്ളീം പള്ളി ഉണ്ട്. അവിടുന്നു വലത്തോട്ട് ഒരു വഴിയുണ്ട്. അതുവഴി പോകുമ്പോൾ രണ്ടാമതു കാണുന്ന ബസ് സ്റ്റോപ്പിന്റെ നേരെ ഓപ്പോസിറ്റ് വെളുത്ത പെയിന്റടിച്ച വീട്."
"അപ്പൊ ശരി സാറേ വൈകിട്ട് അഞ്ചരയ്ക്ക് കാണാം"
"ശരി"
05:30 PM
മിഥ്യയുടെ വീട്.
ഹരി ബെല്ലടിച്ചു. മിഥ്യ വാതിൽ തുറന്നു. അയാൾ അകത്തേക്കു വന്നപ്പോൾ മിഥ്യ, "ഇരിക്കൂ ചായ എടുക്കാം"
ഹരി ഉടനെ, "വേണ്ട. ഞാൻ ചായ കുടിച്ചു" ചുമരിൽ കണ്ട ഒരു ഫോട്ടോയിലേക്ക് കൈ ചൂണ്ടി ഹരി ചോദിച്ചു, "ഇത്...!"
"മായ, എന്റെ ട്വിൻ സിസ്റ്റർ ആണ്."

To be continued

Thursday, 2 May 2019

പേപ്പർ

ട്ർണിംഗ്...
പൊലീസ് സ്റ്റേഷനിലെ ഫോൺ ബെല്ലടിച്ചു. ഫോൺ എടുത്തതിനു ശേഷം "ഹലോ, നമസ്കാരം SI ആണ്."
അപ്പുറത്തു നിന്ന് കനത്ത ശബ്ദത്തിൽ, "CI ആണ്. എത്രയും പെട്ടെന്ന് മെയിൽ ചെക്ക് ചെയ്യണം. SP ഓഫീസിലേക്ക് ആവശ്യമുള്ള ഫയലുകളും എടുത്ത് 11:30 ആവുമ്പോഴേക്ക് വരണം."
"ശരി സർ"
ഫോൺ വച്ചതിന് ശേഷം അവൾ മെയിൽ ചെക്ക് ചെയ്തു. മുഖത്ത് വിഷമവും അത്ഭുതവും കലർന്ന ഒരു ഭാവം.പെട്ടെന്ന് തന്നെ കമ്പ്യൂട്ടർ ഓഫ്ചെയ്തു. ഫയലുകളുമെടുത്ത് റൂമിൽ നിന്ന് പുറത്തിറങ്ങി.  അടുത്ത് നിന്ന കോൺസ്റ്റബിളിനോട്, "SP ഓഫീസ് വരെ പോകുകയാണ്.  എന്തെങ്കിലും അത്യാവശം ഉണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതി."
വണ്ടിയിൽ കയറി. പത്ത് മിനുറ്റ് കഴിഞ്ഞപ്പോൾ ഓഫീസിൽ എത്തി.
സമയം 11:23 AM
അവിടെ നിന്നിരുന്ന ഒരു പൊലീസുകാരൻ മറ്റൊരു പൊലീസുകാരനോട് പറയുന്നത് അവൾ കേട്ടു. "അല്ലെങ്കിലും ചിലർക്കൊന്നും യോഗമില്ല. എല്ലാം അന്വേഷിച്ച് വരുമ്പോൾ കേസ് വേറെ ആൾക്ക് പോകും. അന്നും ഇതുപോലെ അനിതാ മാഡം ആയിരുന്നല്ലോ."  
ദേഷ്യം സഹിക്കാതെ കയ്യിലിരുന്ന ഫയൽ വലിച്ചെറിഞ്ഞതും SP വന്നതും ഒരുമിച്ച് ആയിരുന്നു. താഴെ വീണ ഫയൽ എടുത്തതിനു ശേഷം SP, "മിഥ്യ, അകത്തേക്കു വരൂ."
SPയോട് ഒപ്പം അവൾ അകത്തേക്കു പോയി.
അകത്ത് കയറിയ ഉടനെ അനിത മിഥ്യയോട്, "നോക്ക് മിഥ്യ, നീ എന്തിനാ ദേഷ്യപ്പെടുന്നത്. അന്നത്തെ പോലെ ടീം ഉണ്ടാക്കണം. അതിൽ നീയും ഉണ്ടാകും. നിൻറെ അഭിപ്രായങ്ങൾക്ക് അവിടെ വിലയുണ്ട്."
മിഥ്യ ദേഷ്യത്തോടെ, "എന്ത് ടീം എന്ത് വില.കഴിഞ്ഞ തവണ ഇതുപോലെ അന്വേഷിച്ചതല്ലേ. അന്ന് മാഡം ഉണ്ടായിരുന്നു. ഞാനും ഉണ്ടായിരുന്നു. നമ്മൾ അന്ന് കുറേ കണ്ടു പിടിച്ചതല്ലേ? എന്നിട്ടെന്തായി? അവസാനം ആ കേസിനെന്തുപറ്റി എന്നു നമുക്കറിയാം. അതെന്റെ രീതിയിൽ അന്വേഷിച്ചിരുന്നു എങ്കിൽ എന്തായിരുന്നു സംഭവിക്കുക എന്നും മാഡത്തിനറിയം. ഈ കേസ് അതുപോലെ ആകുകയാണെങ്കിൽ .... പിന്നീട് എന്തു ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്."
അനിത എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ഒരു പുരുഷ ശബ്ദം, "May I come in madam"





To be continued

A Wall in Madras